ആലക്കോട്: പണ്ട് കാലങ്ങളിൽ വീട്ടുപറമ്പുകളിൽ ധാരാളമായി ഉണ്ടായിരുന്ന ഒരു കിഴങ്ങുവിളയാണ് കൂവ. വൈകുന്നേരത്തെ ആഹാരത്തിനുള്ള വക ഈ ചെടിയിൽ നിന്നു തന്നെ അന്ന് ലഭിക്കുമായിരുന്നു. ഇന്ന് ഇതിന്റെ ഗുണം മനസ്സിലാക്കാതെ മിക്കവാറും വീടുകളിലും പറമ്പുകളിലും കൂവ നശിപ്പിച്ചു. വിശക്കുമ്പോൾ ഓടിച്ചെന്ന് കൂവ പിഴുത് പച്ചയായിത്തന്നെ കഴിച്ച ഓർമ ചിലരിലെങ്കിലും ഉണ്ടാകും. അങ്ങനെയുള്ള വർക്ക് കൂവ ഒരു ഗൃഹാതുരതയാണ്. കാൽസ്യം, കാർബോഹൈഡ്രേറ്റ്, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പർ, വൈറ്റമിനുകളായ എ, സി, നിയാസിൻ, തയാമിൻ എന്നിവയാൽ സമ്പുഷ്ടമാണ് കൂവ. ഇതിൽ അടങ്ങിയിരിക്കുന്ന അന്നജം വയറിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. പെട്ടെന്ന് ദഹനം നടക്കുകയും ചെയ്യുന്നു. ശരീരത്തിലെ നഷ്ടപ്പെട്ട ജലാംശം വീണ്ടെടുക്കാൻ കൂവപ്പൊടി ആട്ടിൻ പാലിൽ ചേർത്ത് ഉവയോഗിക്കാറുണ്ട്. കുട്ടികളുടെ വയറ് സംബന്ധിയായ അസുഖങ്ങക്ക് കൂവപ്പൊടി വെള്ളത്തിലോ പാലിലോ തിളപ്പിച്ച് നൽകിയിരുന്നു. ഇങ്ങനെ നിരവധി ആരോഗ്യ ഗുണങ്ങൾ നിറഞ്ഞ കൂവയുടെ പ്രാധാന്യവും മൂലൃവർദ്ധിത സാധ്യതകളും കൃഷിയുടെ നേട്ടങ്ങളും ജനങ്ങളിൽ എത്തിക്കാൻ വേണ്ടി ആലക്കോട് കിസാൻ സർവീസ് സൊസൈറ്റിയുടെ കൂവക്കൃഷി സെമിനാർ നടന്നു.
കൂവ കൃഷിയും അനന്തസാധ്യതകളും എന്ന് സെമിനാർ ആലക്കോട് ഫൊറോന വികാരി ആന്റണി പുന്നൂർ ഉദ്ഘാടനം ചെയ്തു. കിസാൻ സർവീസ് സൊസൈറ്റി നാഷണൽ സർവീസ് ലീഡർ ഡയറക്ടർ ബിനോയ് ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. കൃഷി വിജ്ഞാന കേന്ദ്രം കണ്ണൂർ പ്രോഗ്രാം ഡോക്ടർ പി ജയരാജ് കൂവകൃഷിയുടെ വിപുലമായ സാധ്യതകളെക്കുറിച്ച് സംസാരിച്ചു. തോട്ടവിളകളുടെ കൂടെ ഇടവിളയായി കൂവകൃഷി ചെയ്ത് അധിക വരുമാനം നേടാൻ ആകുമെന്ന് അദ്ദേഹം പറഞ്ഞു. കെ എസ് എസ് ദേശീയ ചെയർമാൻ ജോസ് തയ്യിൽ, ജെ പി മാത്യൂസ്, റോബിൻ കെ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. കൂവ കർഷകനായ കെ പി ഹരിദാസൻ തന്റെ കാർഷിക അനുഭവങ്ങൾ കർഷകരുമായി പങ്കുവച്ചു. കെ വി കെ അസിസ്റ്റൻറ് പ്രൊഫസർ മാരായ ഡോ. എലിസബത്ത് ജോസഫ്, എം റെനീഷ് എന്നിവർ കൂവ കൃഷിയെക്കുറിച്ചുള്ള ക്ലാസുകൾക്ക് നേതൃത്വം നൽകി.



