Sunday, July 6, 2025
No menu items!
Homeവാർത്തകൾആരോഗ്യ കേരളം വെന്റിലേറ്ററിൽ ആണ്, പ്രതിപക്ഷം ആവർത്തിച്ചു പറഞ്ഞ കാര്യങ്ങളാണിത്: വിമർശനവുമായി വിഡി സതീശൻ

ആരോഗ്യ കേരളം വെന്റിലേറ്ററിൽ ആണ്, പ്രതിപക്ഷം ആവർത്തിച്ചു പറഞ്ഞ കാര്യങ്ങളാണിത്: വിമർശനവുമായി വിഡി സതീശൻ

കൊച്ചി: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധിയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആരോഗ്യ മന്ത്രിയുടെ ഓഫീസിൽ വേറെ ആരോ ആണ് ഭരിക്കുന്നതെന്നും വാർത്ത വിവാദം ആയപ്പോഴാണ് മന്ത്രി വീണാ ജോർജ് അറിഞ്ഞതെന്നും വിഡി സതീശൻ പറഞ്ഞു. ആരോഗ്യ കേരളം വെന്റിലേറ്ററിൽ ആണ്. പ്രതിപക്ഷം ആവർത്തിച്ചു പറഞ്ഞ കാര്യങ്ങളാണ് ഡോ ഹാരിസ് തുറ‍ന്നു പറഞ്ഞതെന്നും വിഡി സതീശൻ പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളെ കാണുകയായിരുന്നു പ്രതിപക്ഷ നേതാവ്.

ഇത് ഒറ്റപ്പെട്ട സംഭവം അല്ല. സർജറി ചെയ്‌താൽ തുന്നി കൂട്ടാൻ നൂൽ ഇല്ലാത്ത അവസ്ഥയാണുള്ളത്. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി ഇല്ലാതായി. അങ്ങനെ പല പദ്ധതികളും ഇല്ലാതായെന്നും വിഡി സതീശൻ പറഞ്ഞു. 2024 ജനുവരിയിൽ ഇക്കാര്യങ്ങളെല്ലാം നിയമസഭയിൽ ഉന്നയിച്ചിരുന്നു. നിരുത്തരവാദപരമായ മറുപടിയാണ് ആരോഗ്യ മന്ത്രിയുടേത്. രോഗികളുടെ എണ്ണം ആണ് മന്ത്രി മറുപടിയായി പറയുന്നത്. യഥാർഥ ആരോഗ്യ കേരളത്തിന്റെ സിസ്റ്റം തകർന്നു പോയി. ആരോഗ്യ വകുപ്പിനാണ് ചികിത്സ വേണ്ടതെന്നും ഇവിടെ പകർച്ച വ്യാധികൾ കൂടുകയാണെന്നും സതീശൻ പറഞ്ഞു.

യുഡിഎഫിന്റെ ഹെൽത്ത്‌ കമ്മീഷൻ നാളെ നിലവിൽ വരും. ഹെൽത്ത്‌ കോൺക്ലേവ് ജൂലൈ മാസത്തിൽ നടത്തും. പൊതുജന ആരോഗ്യ വിദഗ്ദരെ ഉൾപ്പെടുത്തിയണ് ഹെൽത്ത് കമ്മീഷനെന്നും സതീശൻ പറഞ്ഞു. നിയമസഭയിൽ വിഷയം ഉന്നയിച്ചപ്പോൾ പരിഹാസം ആയിരുന്നു മറുപടിയെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments