ഈ വര്‍ഷത്തെ ആപ്പിളിന്റെ വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സിന് അടുത്ത ആഴ്ച തുടക്കമാകും. ഡബ്ല്യൂഡബ്ല്യൂഡിസി എന്നറിയപ്പെടുന്ന കോണ്‍ഫറന്‍സ് ജൂണ്‍ ഒമ്പത് തിങ്കളാഴ്ചയാണ് ആരംഭിക്കുക. നാല് ദിവസം നീണ്ടു നില്‍ക്കുന്ന ഇത്തവണത്തെ കോണ്‍ഫറന്‍സില്‍ ആപ്പിളിന്റെ വിവിധ ഉപകരണങ്ങള്‍ക്ക് ശക്തിപകരുന്ന ഐഒഎസ്, ഐപാഡ്ഒഎസ്, മാക്ക്ഒഎസ്, വിഷന്‍ എസ്, ടിവിഒഎസ്, വാച്ച് ഒഎസ് എന്നിവയില്‍ ചില മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്.
ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ക്ക് വ്യത്യസ്ത വേര്‍ഷന്‍ നമ്പറുകള്‍ നല്‍കുന്ന രീതിയില്‍ ആപ്പിള്‍ മാറ്റം അവതരിപ്പിക്കുമെന്നാണ് വിവരം. പകരം വര്‍ഷങ്ങള്‍ അനുസരിച്ചായിരിക്കും പേര് നല്‍കുക. അതായത് 2025 സെപ്റ്റംബറിൽ പുറത്തിറങ്ങുന്ന ഐഒഎസിന് IOS 19 എന്ന് പേര് നല്‍കുന്നതിന് പകരം 2026 നെ പ്രതിനിധീകരിക്കുന്ന ഐഒഎസ് 26 എന്ന് പേര് നല്‍കും. മറ്റ് ഒഎസുകള്‍ക്കും ഈ രീതിയില്‍ തന്നെയാവും പേരിടുകയെന്ന് ആപ്പിള്‍ അനലിസ്റ്റായ മാര്‍ക്ക് ഗുര്‍മന്‍ പറയുന്നു. ആപ്പിള്‍ പുറത്തിറക്കുന്ന വിവിധ ഒഎസുകള്‍ ഏത് വര്‍ഷമാണ് അവതരിപ്പിച്ചതെന്ന് എളുപ്പം മനസിലാക്കാനും ഒഎസുകള്‍ക്കെല്ലാം സമാനമായ പേരിടല്‍ രീതി പിന്തുടരാനും ആപ്പിളിന് സാധിക്കും.
ഐഫോണ്‍, ഐപാഡ്, മാക്ക് ഒഎസുകളില്‍ പ്രധാനപ്പെട്ട ചില മാറ്റങ്ങള്‍ ആപ്പിള്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസൈനില്‍ പ്രകടമായ മാറ്റങ്ങളുണ്ടാവാം. മെനു, ആപ്പുകള്‍, വിന്‍ഡോകള്‍, സിസ്റ്റം ബട്ടനുകള്‍, ഐക്കണുകള്‍ എന്നിവയിലെല്ലാം മാറ്റങ്ങളുണ്ടാവാം. ആപ്പിളിന്റെ യുഐ റീഡിസൈന്‍ പ്രൊജക്ടായ സൊളേറിയത്തില്‍ ടിവിഒഎസും, വാച്ച് ഒഎസും വിഷന്‍ ഒഎസും ഉള്‍പ്പെടുന്നുവെന്നാണ് വിവരം. വിഷന്‍ ഒഎസില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടായിരിക്കും മറ്റ് ഒഎസുകളിലെ ഡിസൈന്‍ മാറ്റങ്ങളെന്നാണ് പറയപ്പെടുന്നത്. പ്രത്യേകം ഗെയിമിങ് ആപ്പ്, മെച്ചപ്പെട്ട ബാറ്ററി മാനേജ്‌മെന്റ്, മെച്ചപ്പെട്ട എഐ ഫീച്ചറുകള്‍ തുടങ്ങിയവ ഐഒഎസിലും മറ്റ് പ്ലാറ്റ്‌ഫോമുകളിലും പ്രതീക്ഷിക്കുന്നുണ്ട്.



