ബംഗളൂരു: ഇന്ത്യയുടെ പ്രഥമ സൗര പര്യവേക്ഷണ ദൗത്യമായ ആദിത്യ എല്‍1 ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ലഗ്രാഞ്ച് പോയിന്റ്-1നു ചുറ്റുമുള്ള സാങ്കല്‍പ്പിക ഭ്രമണപഥത്തില്‍ ആദ്യ വലംവയ്ക്കല്‍ പൂര്‍ത്തിയാക്കി. 2023 സെപ്റ്റംബര്‍ 2നായിരുന്നു വിക്ഷേപണം. ജനുവരി 6നാണ് ലക്ഷ്യസ്ഥാനമായ ലഗ്രാഞ്ച് പോയിന്റില്‍ ദൗത്യം എത്തിയത്. ആദ്യഭ്രമണം പൂര്‍ത്തീകരിച്ചത് 178 ദിവസമെടുത്താണ്. 5 വര്‍ഷം സൂര്യനെ നിരീക്ഷിക്കാനാണു ലക്ഷ്യം. വലംവയ്ക്കുന്നതിനിടെ ഭ്രമണപഥത്തില്‍നിന്ന് അകന്നു പോകാതിരിക്കാന്‍ ഫെബ്രുവരി 22നും ജൂണ്‍7നും ദൗത്യപേടകത്തിലെ ബൂസ്റ്ററുകള്‍ ജ്വലിപ്പിച്ചിരുന്നു.
കഴിഞ്ഞ സെപ്റ്റംബര്‍ രണ്ടിനാണ് ആദിത്യ വിക്ഷേപിച്ചത്. ജനുവരി ആറിന് ആദ്യ ഭ്രമണം പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ എല്‍1 പോയിന്റിലെ ഭ്രമണം പൂര്‍ത്തിയാക്കാന്‍ ആദിത്യ 178 ദിവസമെടുത്തു. നിരവധി ഉലച്ചിലുകള്‍ക്കും മറ്റും വിധേയമായതിനാല്‍ നിശ്ചിത ഭ്രമണപഥത്തില്‍ നിന്ന് ആദിത്യ ഇടയ്ക്ക് വ്യതിചലിച്ചിട്ടുണ്ടെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി.തുടര്‍ന്ന് ഫെബ്രുവരി 22നും ജൂണ്‍ ഏഴിനും ഇതിനെ തിരികെ ഭ്രമണപഥത്തില്‍ എത്തിക്കേണ്ടി വന്നു. മൂന്നാം ഘട്ടത്തില്‍ ആദിത്യയുടെ ഭ്രമണപഥം പുനക്രമീകരിച്ചിട്ടുണ്ട്. ഇതോടെ രണ്ടാം ഭ്രമണം സുഗമമായി തുടരാനാകുമെന്നാണ് കരുതുന്നത്. ആദിത്യയുടെ ആദ്യഘട്ട ഭ്രമണം അതി സങ്കീര്‍ണമായിരുന്നുവെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി.