Saturday, August 2, 2025
No menu items!
Homeവാർത്തകൾആംബുലൻസുകൾക്ക് ഇനി സിഗ്നലുകളിൽ കാത്തുകിടക്കേണ്ട

ആംബുലൻസുകൾക്ക് ഇനി സിഗ്നലുകളിൽ കാത്തുകിടക്കേണ്ട

തിരുവനന്തപുരം: അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കായി എത്തുന്ന ആംബുലൻസുകൾക്കും മറ്റ് വാഹനങ്ങൾക്കും സിഗ്നലുകളിൽ ഇനി കാത്തുകിടക്കേണ്ടി വരില്ല. നാറ്റ്‌പാക്കും കെൽട്രോണും സംയുക്തമായി വികസിപ്പിച്ച എമർജൻസി വെഹിക്കിൾ പ്രയോറിറ്റി സിസ്റ്റം (ഇവിപിഎസ്) തിരുവനന്തപുരം-കഴക്കൂട്ടം ബൈപ്പാസിലെ ഇൻഫോസിസ് ജംഗ്ഷനിൽ വിജയകരമായി പരീക്ഷിച്ചു. സിഗ്നലുകളിലെ സെൻസറുകൾ പ്രവർത്തിപ്പിച്ച് അടിയന്തര വാഹനങ്ങൾ സുരക്ഷിതമായി കടന്നുപോകാനും പൊതുഗതാഗതം സുഗമമാക്കാനും കഴിയുന്ന തരത്തിലാണ് പദ്ധതി.

ഇതിൽ വാഹനവും സിഗ്നലും തമ്മിൽ തരംഗ സങ്കേതിക വിദ്യയാൽ നേരിട്ട് ആശയ വിനിമയം നടത്തുന്നതിനാൽ കൂടുതൽ കാര്യക്ഷമവും വേഗത്തിലും പ്രവർത്തിക്കുകയും അതു വഴി അടിയന്തിര വാഹനങ്ങൾക്ക് ലക്ഷ്യസ്ഥാനത്ത് വേഗം എത്താനും വിലപ്പെട്ട ജീവനുകൾ രക്ഷിക്കാനും കഴിയും. തിരുവനന്തപുരത്തുനിന്ന് കഴക്കൂട്ടത്തേക്കും തിരിച്ചുമുള്ള പ്രധാന പാതകളിലാണ് ഇത് പരീക്ഷിച്ചത്. അടിയന്തര സാഹചര്യങ്ങളിലെ യാത്രാസമയം ഗണ്യമായി കുറയ്ക്കാൻ ഈ സംവിധാനം സഹായിക്കും. പരീക്ഷണത്തിന്‍റെ ഭാഗമായി ഇവിപിഎസ് ഇല്ലാത്തപ്പോഴും ഉള്ളപ്പോഴും ഉള്ള യാത്രാസമയം താരതമ്യം ചെയ്തുള്ള വിവരങ്ങൾ പ്രകാരം ഈ സംവിധാനം ഉപയോഗിച്ചപ്പോൾ എല്ലാ സാഹചര്യങ്ങളിലും യാത്രാസമയം ഗണ്യമായി കുറഞ്ഞതായാണ് കാണിക്കുന്നത്.

കഴക്കൂട്ടത്തുനിന്ന് വെൺപാലവട്ടത്തേക്കുള്ള യാത്രാസമയം 54 സെക്കൻഡിൽ നിന്ന് 40 സെക്കൻഡായി കുറഞ്ഞു. ഇതുവഴി 14 സെക്കൻഡിന്‍റെ കുറവുണ്ടായി. ഏറ്റവും കൂടുതൽ യാത്രാസമയം ലാഭിക്കാൻ കഴിഞ്ഞത് 40 സെക്കൻഡിന്റെ യാത്രയിൽ 24 സെക്കൻഡ് ലാഭിച്ചപ്പോഴാണ്. ഒരു സിഗ്നലിൽ മാത്രം ശരാശരി 10 സെക്കൻഡിലധികം സമയം ലാഭിക്കാൻ കഴിഞ്ഞതായി പഠനം പറയുന്നു. ഈ സംവിധാനം കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. വാഹനങ്ങളെ കൂടുതൽ ദൂരത്തുനിന്ന് തിരിച്ചറിയാൻ കഴിയുന്ന തരത്തിൽ സെൻസറുകൾ പരിഷ്കരിക്കുകയാണ് ലക്ഷ്യം. ഇത് വഴി അടിയന്തര വാഹനങ്ങൾക്ക് കൂടുതൽ വേഗത്തിലും സുരക്ഷിതമായും ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. നിർണായകമായ രക്ഷാപ്രവർത്തനങ്ങൾക്ക് ഈ പുതിയ സാങ്കേതികവിദ്യ വലിയൊരു മാറ്റത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments