കുറ്റിച്ചല്: ആകാരവടിവിനും സ്വയരക്ഷയ്ക്കും ആണ്‍കുട്ടികള്‍ മാത്രമല്ല, പെണ്‍കുട്ടികളും ഇന്ന് സര്‍വ്വസാധാരണമായി കളരി അഭ്യസിക്കുന്നുണ്ട്. കുറ്റിച്ചല്‍ പഞ്ചായത്തിലെ വഞ്ചിക്കുഴി എന്ന സ്ഥലത്താണ് അശ്വതി കളരിസംഘം എന്ന പേരില്‍ കളരിത്തറയ്ക്ക് തുടക്കമായത്. പേരുപോലെ തന്നെ പെണ്‍കുട്ടികള്‍ക്ക് പ്രത്യേകപരിശീലനം നല്‍കുന്നു എന്നതാണ് അശ്വതികളരിസംഘത്തിന്റെ പ്രത്യേകത.
വിന്‍സന്റ് ഗുരുക്കളാണ് അശ്വതികളരിസംഘത്തിന്റെ ആശാന്‍. അദ്ദേഹം 24-വര്‍ഷമായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കളരി ക്ലാസ് എടുക്കുന്നുണ്ട്. നിലവില്‍ 348-കുട്ടികളാണ് അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ കളരി അഭ്യസിക്കുന്നത്. ഇന്നത്തെ കാലഘട്ടത്തില്‍ പെണ്‍കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ചെറുക്കുന്നതിനായി പെണ്‍കുട്ടികള്‍ ഉറപ്പായും കളരി അഭ്യസിച്ചിരിക്കണമെന്നതാണ് വിന്‍സന്റ് ഗുരുക്കളുടെ അഭിപ്രായം. സ്വയരക്ഷ മാത്രമല്ല, ശാരീരികവും മാനസികവുമായ ആരോഗ്യവും കളരി അഭ്യാസത്തിലൂടെ കിട്ടുമെന്നും അത്തരത്തില്‍ നല്ലൊരു തലമുറയെ വാര്‍ത്തെടുക്കാനായാണ് കളരിസംഘം തുടങ്ങിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കാട്ടാക്കട, നെടുമങ്ങാട് താലൂക്കുകളിലെ നിരവധി വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് വിന്‍സന്റ് ഗുരുക്കള്‍ കളരി പരിശീലനം നടത്തുന്നുണ്ട്. ഉദ്ഘാടനചടങ്ങില്‍ കുറ്റിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ ജി. മണികണ്ഠന്‍, ആര്യനാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ രാധിക, കുട്ടികള്‍, രക്ഷിതാക്കള്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് കുട്ടികളുടെ കളരിപ്രദര്‍ശനവും സംഘടിപ്പിച്ചു.