Thursday, December 25, 2025
No menu items!
Homeവാർത്തകൾഅറുപത്തി മൂന്നാമത് കേരള സ്‌കൂൾ കലോത്സവത്തിൻ്റെ പ്രോഗ്രാം ഷെഡ്യൂൾ തയ്യാർ

അറുപത്തി മൂന്നാമത് കേരള സ്‌കൂൾ കലോത്സവത്തിൻ്റെ പ്രോഗ്രാം ഷെഡ്യൂൾ തയ്യാർ

തിരുവനന്തപുരം: അറുപത്തി മൂന്നാമത് കേരള സ്‌കൂൾ കലോത്സവം 2025 ജനുവരി 04 മുതൽ 08 വരെ തിരുവനന്തപുരം നഗരത്തിലെ വിവിധ വേദികളിൽ വച്ച് നടത്തും. ഹൈസ്‌കൂൾ വിഭാഗത്തിൽ നിന്നും നൂറ്റിയൊന്നും, ഹയർസെക്കണ്ടറി വിഭാഗത്തിൽ നിന്നും നൂറ്റി പത്തും, സംസ്‌കൃതോത്സവത്തിൽ പത്തൊമ്പതും, അറബിക് കലോത്സവത്തിൽ പത്തൊമ്പതും ഇനങ്ങളിലായി ആകെ ഇരുന്നൂറ്റി നാൽപത്തിയൊമ്പത് ഇനങ്ങളിൽ മത്സരം നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കലോത്സവത്തിൻ്റെ പ്രോഗ്രാം ഷെഡ്യൂൾ പ്രകാശനവും മന്ത്രി നി‍ർവ്വഹിച്ചു.

എല്ലാ വിഭാ​ഗങ്ങളിലുമായി പതിനയ്യായിരത്തിൽ പരം കലാ പ്രതിഭകൾ മത്സരങ്ങളിൽ മാറ്റുരയ്ക്കുമെന്നും മന്ത്രി അറിയിച്ചു. നഗരത്തിലെ മുപ്പതോളം സ്‌കൂളുകളെയാണ് അക്കോമഡേഷൻ സെന്ററുകളായി തെരഞ്ഞെടുത്തിട്ടുണ്ട്. കലോത്സവ ചരിത്രത്തിൽ ആദ്യമായി അഞ്ച് ഗോത്ര നൃത്തരൂപങ്ങൾകൂടി ഈ വർഷത്തെ കലോത്സവത്തിന്റെ മത്സര ഇനങ്ങളാവും. മംഗലംകളി, പണിയ നൃത്തം, പളിയ നൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയ തദ്ദേശീയ നൃത്തരൂപങ്ങൾ.

സ്വർണ്ണകപ്പിന്റെ ഘോഷയാത്ര 2024 ഡിസംബർ 31 ന് കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിന്ന് ആരംഭിച്ച് എല്ലാ ജില്ലകളിലൂടെയും പ്രയാണം പൂർത്തിയാക്കി 2025 ജനുവരി 3 ന് രാവിലെ 10.00 മണിക്ക് തിരുവനന്തപുരം ജില്ലയുടെ അതിർത്തിയായ തട്ടത്ത്മലയിൽ എത്തിച്ചേരും. അവിടെ വെച്ച് സ്വ‍ർണകപ്പ് വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ സ്വീകരിച്ച് ഘോഷയാത്രയായി സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിച്ചേരും.

പ്രോഗ്രാം ഷെഡ്യൂൾ പ്രകാരം തിരുവനന്തപുരം നഗരത്തിലെ 25 വേദികളിലായാണ് കലാമത്സരങ്ങൾ അരങ്ങേറുക. വേദികൾക്ക് കേരളത്തിലെ നദികളുടെ പേരുകളാണ് നൽകിയിരിക്കുന്നത്. സെൻട്രൽ സ്‌റ്റേഡിയം, വിമൺസ് കോളേജ്, മണക്കാട് ഗവൺമെന്റ് എച്ച്എസ്എസ് തുടങ്ങിയ വേദികളിലായാണ് നൃത്ത ഇനങ്ങൾ അരങ്ങേറുന്നത്. ടാഗോർ തീയേറ്ററിൽ നാടകവും, കാർത്തിക തിരുനാൾ തീയേറ്ററിൽ സംസ്‌കൃത നാടകം, ചവിട്ടു നാടകം എന്നിവയും അരങ്ങേറും. ഗോത്ര കലകൾ നിശാഗന്ധി ഓഡിറ്റോറിയത്തിലും, ബാന്റ്‌മേളം പട്ടം സെന്റ് മേരീസ് സ്‌കൂൾ ഗ്രൗണ്ടിലും നടത്തപ്പെടും. കലോത്സവത്തിൻ്റെ ഊട്ടുപുര പുത്തരിക്കണ്ടം മൈതാനത്താണ് ക്രമീകരിച്ചിരിക്കുന്നത്.

വിവിധ സബ് കമ്മിറ്റികളുടെ ഓഫീസ്, രജിസ്‌ട്രേഷൻ എന്നിവ എസ്എംവി സ്‌കൂളിലാണ് ക്രമീകരിച്ചിരിക്കുന്നത്. സംഘാടക സമിതി ഓഫീസ് ശിക്ഷക് സദനിൽ ഇതിനകം തന്നെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എല്ലാ വേദികളിലും രാവിലെ 9.30 ന് തന്നെ മത്സരങ്ങൾ ആരംഭിക്കുന്നതിനുളള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ഉള്ള ഷെഡ്യൂൾ ആകെ ഇനങ്ങളുടെ എണ്ണം അനുസരിച്ച് ക്രമപ്പെടുത്തിയതാണ്. അപ്പീലുകൾ വരുന്നതോടെ സമയക്രമത്തിൽ ചില മാറ്റങ്ങൾ ഉണ്ടാകാം. മത്സരം യഥാസമയം തുടങ്ങുന്നതിനും അവസാനിപ്പിക്കുന്നതിനും ചില കർശന നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്. ഫസ്റ്റ് കോളും സെക്കന്റ് കോളും തേർഡ് കോളും ചെയ്തിട്ടും വരാത്ത ടീമുകളെ അയോഗ്യരാക്കുന്നതും പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments