Wednesday, July 9, 2025
No menu items!
Homeവാർത്തകൾഅമേരിക്കയിൽ എച്ച്1-ബി വിസയിൽ ജോലി ചെയ്യുന്നവരും വിദ്യാർത്ഥികളും ഗ്രീൻ കാർഡ് ഉടമകളുമെല്ലാം എപ്പോഴും തിരിച്ചറിയൽ രേഖകൾ...

അമേരിക്കയിൽ എച്ച്1-ബി വിസയിൽ ജോലി ചെയ്യുന്നവരും വിദ്യാർത്ഥികളും ഗ്രീൻ കാർഡ് ഉടമകളുമെല്ലാം എപ്പോഴും തിരിച്ചറിയൽ രേഖകൾ കൈയിൽ കരുതണം

ന്യൂയോർക്ക്: അമേരിക്കയിൽ എച്ച്1-ബി വിസയിൽ ജോലി ചെയ്യുന്നവരും വിദ്യാർത്ഥികളും ഗ്രീൻ കാർഡ് ഉടമകളുമെല്ലാം എപ്പോഴും തിരിച്ചറിയൽ രേഖകൾ കൈയിൽ കരുതണമെന്ന് നിർദേശം. ട്രംപ് ഭരണകൂടം അധികാരമേറ്റതിന് ശേഷം രാജ്യത്ത് നടപ്പാക്കുന്ന കുടിയേറ്റ, വിസ നിയമ പരിഷ്കാരങ്ങളുടെ ഭാഗമായാണ് ഇപ്പോഴത്തെ നിർദേശം. നിയമാനുസൃതം അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർ ഇതോടെ എപ്പോഴും തിരിച്ചറിയൽ രേഖകൾ കൈയിൽ കരുതേണ്ടി വരും. അമേരിക്കയിലെ ഹോംലാന്റ് സെക്യൂരിറ്റി വിഭാഗം ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്തെ അനധികൃത കുടിയേറ്റക്കാർ സർക്കാർ വകുപ്പുകളിൽ രജിസ്റ്റർ ചെയ്യണമെന്ന് കാണിച്ച് അടുത്തിടെയുണ്ടായ കോടതി ഉത്തരവിന് പിന്നാലെയാണ് നിയമാനുസൃതം രാജ്യത്ത് കഴിയുന്ന വിദേശികളും തിരിച്ചറിയൽ രേഖകൾ കൈയിൽ കരുതണമെന്ന നിർദേശം അധികൃതർ നൽകിയത്. അമേരിക്കൻ പൗരന്മാരല്ലാതെ രാജ്യത്ത് കഴിയുന്ന 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവരും എപ്പോഴും രേഖകൾ കൈയിൽ കരുതണമെന്നും ഇക്കാര്യം കർശനമായി നടപ്പാക്കാനുള്ള നിർദേശമുണ്ടെന്നും അമേരിക്കയിലെ ഹോംലാന്റ് സെക്യൂരിറ്റി വകുപ്പ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. ഏപ്രിൽ 11 മുതൽ നിബന്ധന പ്രാബല്യത്തിൽ വരികയും ചെയ്തു. അമേരിക്കക്കാരെ അധിനിവേശത്തിൽ നിന്ന് രക്ഷിക്കാനെന്ന പേരിൽ ഇക്കഴിഞ്ഞ ജനുവരി 20ന് ട്രംപ് പുറത്തിറക്കിയ എക്സിക്യൂട്ടീവ് ഉത്തരവിലാണ് വിദേശികളുടെ രജിസ്ട്രേഷൻ എന്ന നിബന്ധന കൊണ്ടുവന്നത്. എന്നാൽ ഇത് രേഖകളില്ലാതെ കഴിയുന്ന അനധികൃത കുടിയേറ്റക്കാർക്കാണ് ബാധനം. 14 വയസിന് മുകളിൽ പ്രായമുള്ള 30 ദിവസമെങ്കിലും അമേരിക്കയിൽ തങ്ങുന്ന അനധികൃത കുടിയേറ്റക്കാർ ഫോംജി-325ആർ പൂരിപ്പിച്ച് നൽകി സർക്കാറിൽ രജിസ്റ്റർ ചെയ്യണം. കുട്ടികൾക്ക് 14 വയസ് പൂർത്തിയാവുമ്പോൾ 30 ദിവസത്തിനകം രജിസ്ട്രേഷൻ പൂർത്തിയാക്കണം. അതേസമയം സാധുതയുള്ള വിസയിൽ അമേരിക്കയിൽ എത്തുന്നവർക്കും ഗ്രീൻ കാർഡ് ഉടമകൾക്കും രജിസ്ട്രേഷൻ നിബന്ധന ബാധകരമല്ല. വിസ അനുവദിക്കപ്പെടുമ്പോൾ തന്നെ രജിസ്ട്രേഷൻ പൂർത്തിയായതായി കണക്കാക്കപ്പെടും. എന്നാൽ ഇവർ എപ്പോഴും തിരിച്ചറിയൽ രേഖകൾ കൈയിൽ കരുതിയിരിക്കണം. ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ അവ പരിശോധനയ്ക്ക് ഹാജരാക്കേണ്ടി വരും. 54 ലക്ഷം ഇന്ത്യക്കാർ അമേരിക്കയിൽ താമസിക്കുന്നുണ്ടെന്നാണ് അമേരിക്കൻ സർക്കാറിന്റെ ഔദ്യോഗിക കണക്ക്. 2022ലെ അനുമാനമനുസരിച്ച് 2.20 ലക്ഷം ഇന്ത്യക്കാർ അനധികൃതമായും അമേരിക്കയിൽ കഴിയുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments