ചെറുതോണി: മൂന്നാർ രാജമലയിലെ നീലക്കുറിഞ്ഞിക്ക് സമാനമാണ് കട്ടപ്പന കല്യാണത്തണ്ട് മലനിരകളില്‍ പൂവിട്ട കുറിഞ്ഞികളും. ഇൻസ്റ്റഗ്രാമിലും ഫേസ് ബുക്കിലും ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ കുറിഞ്ഞി വസന്തം പടർന്നതോടെ കാഴ്ചക്കാരുടെ എണ്ണം അനുദിനം വർധിക്കുകയാണ്. തുടക്കത്തില്‍ അങ്ങിങ്ങായി ചെറിയ തോതില്‍ കണ്ട പൂക്കള്‍ ശക്തമായ മഴ ദിവസങ്ങള്‍ക്ക് ശേഷം ഒരു മലനിരയാകെ പടർന്നിരിക്കുകയാണ്.
വിവിധ ജില്ലകളില്‍ നിന്നുള്ള സഞ്ചാരികളാണ് കുറിഞ്ഞി വസന്തം നുകരാൻ എത്തുന്നത്. സഞ്ചാരികളില്‍ ഏറെയും ചെറുപ്പക്കാരണന്നതാണ് മറ്റൊരു പ്രത്യേകത. ഞായറാഴ്ച ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങളില്‍ സഞ്ചാരികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
ഇടുക്കി ജലാശയത്തിൻ്റെ പശ്ചാത്തലത്തില്‍ പൂവിട്ട് നില്‍ക്കുന്ന നീലവസന്തം ആരേയും ആകർഷിക്കുന്നതാണ്. വീശിയടിക്കുന്ന കാറ്റില്‍ തലയാട്ടി നില്‍ക്കുന്ന നീലപൂക്കള്‍, മഞ്ഞ് പെയ്യുന്ന കല്യാണത്തണ്ട് മലനിരകളെ കൂടുതല്‍ മനോഹരിയാക്കുന്നു. ഒരു മാസം കൂടി കഴിഞ്ഞാല്‍ മലനിരകള്‍ക്ക് മുഴുവൻ നീല നിറമാകും. ഓണക്കാലത്ത് വിനോദ സഞ്ചാരികളെ വരവേല്‍ക്കാൻ കാത്തിരിക്കുകയാണ് കല്യാണത്തണ്ടിന്റെ നീലവസന്തം.
മൂന്നാറിലെ നീലക്കുറിഞ്ഞി ലോകത്തിന് തന്നെ അത്ഭുത കാഴ്ച്ചയാണ്. 12 വർഷത്തിലൊരിക്കല്‍ മാത്രം പൂവിടുന്ന കുറിഞ്ഞി പൂക്കള്‍ കാണാൻ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ മൂന്നാറിലെത്താറുണ്ട്. അത്രമേല്‍ വിശാലമല്ലെങ്കിലും കല്യാണത്തണ്ട് മലനിരകളിലും ഒരു കുറിഞ്ഞി പൂക്കാലം തന്നെയാണ് വന്നെത്തിയിട്ടുള്ളത്. കട്ടപ്പന – ചെറുതോണി റൂട്ടില്‍ നിർമലാ സിറ്റിയില്‍ രണ്ടു കിലോമീറ്ററോളം ഉള്ളിലേയ്ക്ക് സഞ്ചരിച്ചാല്‍ കല്യാണത്തണ്ട് മലനിരകളിലെത്താം. ഇവിടെ നിന്നും ഇടത്തേയ്ക്ക് മറ്റൊരു ചെറിയ മലയുടെ കൂടി മുകളിലേയ്ക്ക് കയറുമ്ബോഴാണ് നീല കുറിഞ്ഞി വസന്തം ദൃശ്യമാകുക. മുൻവർഷങ്ങളിലും കല്യാണത്തണ്ടിൻ്റെ ചില സ്ഥലങ്ങളില്‍ നീലകുറിഞ്ഞി പൂത്തിരുന്നു. വരും നാളുകളില്‍ പൂക്കള്‍ കൂടുതല്‍ വിരിയുന്നതോടെ നിരവധി സഞ്ചാരികള്‍ ഈ മനോഹര കാഴ്ച തേടിയെത്തുമെന്നുറപ്പാണ്.



