കൊച്ചി: അന്തർ സംസ്ഥാന റൂട്ടുകളിൽ യാത്രക്കാർക്ക് മികച്ച സേവനം നൽകുകയെന്ന ലക്ഷ്യത്തോടെ പുതിയ ബസുകൾ നിരത്തിലിറക്കാനൊരുങ്ങി കെഎസ്ആർടിസി. ബെംഗളൂരുവിലേക്കുള്ള 48 പെർമിറ്റുകളിലും ആധുനിക സജ്ജീകരണങ്ങള്‍ ഉള്ള ബസുകള്‍ ഇറക്കാനാണ് തീരുമാനം. ഇതിനുപുറമേ തമിഴ്നാട്ടിലേക്കുള്ള വിവിധ സർവീസുകൾക്കായി 50 ബസുകളും ഇറക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ്കുമാർ പറഞ്ഞു. യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിൻ്റെ ഭാഗമായി കെഎസ്ആര്‍ടിസിയുടെ ബെംഗളൂരുവിലേക്കുള്ള 48 പെര്‍മിറ്റുകളിലും ഏറ്റവും ആധുനിക സജ്ജീകരണങ്ങള്‍ ഉള്ള ബസുകള്‍ ഇറക്കും. ക്രിസ്തുമസ് ഓണം സമയങ്ങളില്‍ സ്വകാര്യ ബസുകള്‍ യാത്രക്കാരെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. നിലവിൽ അന്തർ സംസ്ഥാന റൂട്ടിൽ യാത്രക്കാർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ഉത്സവകാലത്തെ ടിക്കറ്റ് വർധനവ്.
തമിഴ്‌നാട്ടിലേക്ക് പുതിയ 50 ബസുകള്‍ ഇറക്കുമെന്നും മന്ത്രി ഗണേഷ്കുമാർ പറഞ്ഞു. ബസ് റൂട്ടുകളില്‍ കളക്ഷന്‍ ഉറപ്പിക്കാന്‍ യാത്രക്കാരുടെ സൗകര്യത്തിനനുസരിച്ച് സര്‍വീസുകള്‍ ക്രമീകരിക്കും. സ്ത്രീകളെയും കുടുംബങ്ങളെയും ഉള്‍പ്പെടെ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുക എന്നതാണ് കെഎസ്ആര്‍ടിസിയുടെ ലക്ഷ്യമെന്നും ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.