മംഗളൂരു: ജമ്മു-കശ്മീരിലെ പൂഞ്ചിൽ സൈനികർ സഞ്ചരിച്ച വാഹനം തോട്ടിലേക്ക് മറിഞ്ഞ് വീരമൃത്യു വരിച്ച ലാൻസ് ഹവിൽദാർ അനൂപ് പൂജാരിയുടെ ഭാര്യക്ക് സർക്കാർ ജോലി നൽകണമെന്ന് നാട്ടുകാരും കുടുംബാംഗങ്ങളും അഭ്യർഥിച്ചു. ഇക്കാര്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യുമെന്ന് നിയമസഭ സ്പീക്കർ യു.ടി. ഖാദർ അറിയിച്ചു. ഖാദർ ശനിയാഴ്ച ബീജാടി കേളമനയിലെ അനൂപ് പൂജാരിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച വേളയിലാണ് ജോലിക്കാര്യം ആവശ്യപ്പെട്ടത്. ബി.സി.എ ബിരുദധാരിയായ അനൂപിന്റെ ഭാര്യ മഞ്ജുശ്രീ ജോലിയിൽ പ്രവേശിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതായി മുൻ മന്ത്രി വിനയ് കുമാർ സൊറകെ പറഞ്ഞു. സ്പീക്കറുടെ നേതൃത്വത്തിൽ ഇത് യാഥാർഥ്യമാക്കുന്നതിന് കൂട്ടായി പ്രവർത്തിക്കും. അനൂപിന്റെ കുടുംബത്തിന് സമാധാനപരമായ ജീവിതം നയിക്കാൻ ആവശ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.



