വയനാട് : വർഷങ്ങളായി കായ്ക്കുന്ന പ്ലാവ് ഇത്തവണ ഉടമയ്ക്ക് നൽകിയത് വമ്പൻ സർപ്രൈസ്. വയനാട് മൂടക്കൊല്ലിയ്ക്ക് സമീപത്തെ ചേമ്പുംകൊല്ലിയിലെ ചങ്ങനാമറ്റത്തിൽ അനീഷ് ഉദയന്റെ തോട്ടത്തിലെ പ്ലാവിലാണ് ഭീമൻ ചക്കയുണ്ടായത്. അധികം വലുപ്പമില്ലാത്ത പ്ലാവിൽ മറ്റ് ചക്കകൾക്കൊപ്പം കായ്ച്ച് നിന്ന ചക്കയുടെ വലുപ്പത്തിലെ വ്യത്യാസം വീട്ടുകാർ നേരത്തെ തന്നെ ശ്രദ്ധിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ചക്ക പറിച്ചപ്പോഴാണ് ശരിക്കും അമ്പരന്നത്. 73 കിലോ ഭാരമാണ് ഈ ചക്കയ്ക്കുള്ളത്.12 വർഷമായി പ്ലാവ് കായ്ക്കുന്നുവെങ്കിലും ആദ്യമായാണ് ഇത്തരമൊരു അനുഭവമെന്നാണ് അനീഷ് ഉദയൻ മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് പേരുടെ സഹായത്തോടെയാണ് ചക്ക വിളവെടുത്തതും മുറിച്ചതും. ഇതിന്റെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. വിവരമറിഞ്ഞ് കാണാനെത്തിയവർക്കെല്ലാം ചക്കയുടെ ഒരു വീതം കൊടുത്താണ് വീട്ടുകാർ മടക്കി അയച്ചത്.മുൻപ് കൊല്ലം ജില്ലയിലെ അഞ്ചലിൽ 48 കിലോ ഭാരമുള്ള ചക്ക വിളഞ്ഞിരുന്നു. 2020ലായിരുന്നു ഇത്. ഇടമുളയ്ക്കലിലെ കർഷകന്റെ പറമ്പിലെ വരിക്ക പ്ലാവിലാണ് 48 കിലോ ഭാരമുള്ള ചക്ക വിളഞ്ഞത്. ഗിന്നസ് റെക്കോർഡ് പ്രകാരം ലോകത്തെ ഏറ്റവും ഭാരമേറിയ ചക്കയുടെ ഭാരം 42.72 കിലോയാണ്. 2016ൽ പൂനെയിൽ വിളവെടുത്ത ഒരു ചക്കയ്ക്കാണ് ഈ റെക്കോർഡ് ഭാരമുള്ളത്.