Tuesday, July 8, 2025
No menu items!
Homeവാർത്തകൾഅതിര്‍ത്തി നിര്‍ണയത്തെ ചെറുക്കാന്‍ ദമ്പതികള്‍ ഉടന്‍ തന്നെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി...

അതിര്‍ത്തി നിര്‍ണയത്തെ ചെറുക്കാന്‍ ദമ്പതികള്‍ ഉടന്‍ തന്നെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍

അതിര്‍ത്തി നിര്‍ണയത്തെ ചെറുക്കാന്‍ തമിഴ്‌നാട്ടിലെ ദമ്പതികള്‍ ഉടന്‍ തന്നെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. സംസ്ഥാനത്തെ കുടുംബാസൂത്രണ നടപടികള്‍ ജനങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോക്‌സഭ മണ്ഡലങ്ങളുടെ അതിര്‍ത്തിനിര്‍ണയ വിഷയം ചര്‍ച്ച ചെയ്യാന്‍ മാര്‍ച്ച് അഞ്ചിന് വിളിച്ച സര്‍വകക്ഷി യോഗത്തിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. അതിര്‍ത്തി നിര്‍ണയം തമിഴ്‌നാടിന് വെല്ലുവിളിയാകുമെന്ന് പറഞ്ഞ സ്റ്റാലിന്‍ ജനസംഖ്യാ അടിസ്ഥാനമാക്കി അതിര്‍ത്തി നിര്‍ണയം നടപ്പിലാക്കിയാല്‍ ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങള്‍ക്ക് ലോക്‌സഭയില്‍ പ്രാതിനിധ്യം നഷ്ടമാകുമെന്നും പറഞ്ഞു.
“നേരത്തെ നമ്മള്‍ പറയാറുണ്ടായിരുന്നു, നിങ്ങളുടെ സമയമെടുത്ത് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയാല്‍ മതിയെന്ന്. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറി. കുടുംബാസൂത്രണ നടപടികള്‍ ശക്തമായി നിലനില്‍ക്കുന്ന സംസ്ഥാനമാണ് നമ്മുടേത്. എന്നാല്‍ ഇപ്പോള്‍ ഒരു പ്രതിസന്ധിയിലൂടെയാണ് നാം കടന്നുപോകുന്നത്. അതിനാല്‍ ഇനിയും അധികം താമസിപ്പിക്കരുത്. ഉടന്‍ തന്നെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുക,” സ്റ്റാലിന്‍ പറഞ്ഞു.വിജയകരമായി നടപ്പാക്കിയ കുടുംബാസൂത്രണ നയങ്ങള്‍ സംസ്ഥാനത്തെ ഇപ്പോള്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് സ്റ്റാലിന്‍ മുമ്പ് പറഞ്ഞിരുന്നു. “ജനസംഖ്യ അടിസ്ഥാനമാക്കി അതിര്‍ത്തി നിര്‍ണയം നടപ്പാക്കിയാല്‍ തമിഴ്‌നാടിന് എട്ട് എംപിമാരെ നഷ്ടമാകും. ഇത് പാര്‍ലമെന്റിലെ തമിഴ്‌നാടിന്റെ പ്രാതിനിധ്യം കുറയ്ക്കും,” സ്റ്റാലിന്‍ പറഞ്ഞു.
അതേസമയം, തമിഴ്‌നാടിന്റെ താല്‍പ്പര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. സംസ്ഥാനത്തെ ലോക്‌സഭാ സീറ്റുകളുടെ എണ്ണത്തില്‍ കുറവ് വരുത്തില്ലെന്ന് ഈയടുത്ത് സംസ്ഥാനം സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പുനല്‍കിയതായും ബിജെപി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 40 പാര്‍ട്ടികളെയാണ് മാര്‍ച്ച് അഞ്ചിന് ചേരുന്ന സര്‍വകക്ഷി യോഗത്തിലേക്ക് സ്റ്റാലിന്‍ ക്ഷണിച്ചിരിക്കുന്നത്. അതിര്‍ത്തി നിര്‍ണയത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായാണ് സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്. സ്റ്റാലിന്‍ ഉന്നയിച്ച ആശങ്കകളെ പിന്തുണച്ച് ഭാരത് രാഷ്ട്ര സേവ സമിതി നേതാവ് കെടി രാമറാവുവും രംഗത്തെത്തിയിരുന്നു. ജനസംഖ്യയ്ക്ക് പകരം ജിഡിപിയിലേക്കുള്ള ഓരോ സംസ്ഥാനത്തിന്റെയും സംഭാവനയെ അടിസ്ഥാനമാക്കി അതിര്‍ത്തി നിര്‍ണയം നടത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments