തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കാനായി കെഎസ്ഇബി വീണ്ടും അണിയറപ്രവർത്തനം തുടങ്ങി. ടൂറിസം പദ്ധതി കൂടി കൂട്ടിച്ചേർത്താണ് പുതിയ നീക്കം ആരംഭിച്ചത്. ലോക നിലവാരമുള്ള ടൂറിസം കേന്ദ്രമാക്കി അതിരപ്പിള്ളിയെ മാറ്റുമെന്ന് കെഎസ്ഇബി പറയുന്നു.സീ പ്ലെയിനടക്കം ഡാമിന്റെ ഭാഗമായി കൊണ്ടുവരും. നിർദേശങ്ങൾ സമർപ്പിക്കാനായി സി എർത്ത് എന്ന സ്ഥാപനത്തെ നിയോഗിച്ചു. മാർച്ച് 19ന് ചേർന്ന കെഎസ്ഇബി ബോർഡ് യോഗമാണ് 163 മെഗാവാട്ട് ശേഷിയുള്ള അതിരപ്പിള്ളി പദ്ധതി വീണ്ടും നടപ്പാക്കാനുള്ള നടപടി തുടങ്ങിയത്. വൈദ്യുതി ഉത്പാദനം മാത്രമല്ല മെഗാ ടൂറിസം പദ്ധതിയായി അതിരപ്പിള്ളിയെ മാറ്റിയെടുക്കാനാണ് തീരുമാനം. ഡാം നിർമിച്ചാൽ വേനൽക്കാലത്തും പ്രദേശത്തേക്ക് ടൂറിസ്റ്റുകളെ ആകർഷിക്കാനാവുമെന്നാണ് കെഎസ്ഇബി പറയുന്നത്. സീ പ്ലെയിൻ, ഗ്ലാസ് അക്വേറിയം, വാക്ക് വേ, ബോട്ടിങ്, ആംനറ്റി സെന്ററുകൾ, ഷോപ്പിങ് കോംപ്ലക്സ് എന്നിവ പദ്ധതിയുടെ ഭാഗമായി അതിരപ്പിള്ളിയിൽ കൊണ്ടുവരും. ഇതിനോടൊപ്പം ആദിവാസികൾക്കായി സ്കൂൾ, ആശുപത്രി എന്നിവയും നിർമിക്കും. കോഴിക്കോട് ആസ്ഥാനമായ സെന്റർ ഫോർ എൻവിയോൺമെന്റ് ആർക്കിടെക്ച്ചർ ആൻഡ് ഹ്യൂമെൻ സെറ്റിൽമെന്റ്സ് അഥവാ സീ എർത്തിനെയാണ് സ്ഥലം സന്ദർശിച്ച് വേണ്ട നിർദേശങ്ങൾ സമർപ്പിക്കാൻ കെഎസ്ഇബി ചുമതലപ്പെടുത്തിയത്. 23 മീറ്റർ ഉയരത്തിലാണ് ഡാം നിർമിക്കേണ്ടത്. ഡാം വന്നാൽ വാഴച്ചാൽ ഡിവിഷന് കീഴിലെ 136 ഹെക്ടർ വനം വെള്ളത്തിനടിയിലാവും. പ്ലാന്റേഷൻ കോർപ്പറേഷന്റെ ഭൂമിയിൽ ഇതിന് പകരമായി വനവത്കരണം നടത്താമെന്നാണ് കെഎസ്ഇബിയുടെ വാദം.