അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ പരുക്കേറ്റയെ ആനയ്ക്ക് ചികിത്സ നല്‍കി. മയക്കുവെടിവച്ചതിന് ശേഷമാണ് ചികിത്സ വെള്ളിയാഴ്ച രാവിലെ ആരംഭിച്ചത്. മറ്റ് ആനകളില്‍ നിന്നു മാറ്റിയ ശേഷമാണ് വെടിവച്ചത്. നാലു റൗണ്ട് മയക്കുവെടിവച്ചതിന് ശേഷം ആന പരിഭ്രാന്തിയോടെ ഓടി. മൂന്ന് ദിവസം നീണ്ട വനം വകുപ്പിന്റെ ദൗത്യമാണ് വിജയം കണ്ടത്. മസ്തകത്തിന് പരുക്കേറ്റ ആനയെ രണ്ടു ദിവസത്തോളം നീണ്ട തിരച്ചിലിനു ശേഷമാണ് വെള്ളിയാഴ്ച രാവിലെ മറ്റു മൂന്ന് ആനകള്‍ക്കൊപ്പം വെറ്റിലപ്പാറ 14 ന് സമീപം കണ്ടെത്തിയത്. ഏഴു മണി മുതല്‍ വനം വകുപ്പ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ആന. പിന്നീട് കൂട്ടത്തില്‍ നിന്നും മാറിയ ആനയെ 8.30 ഓടെ മയക്കുവെടി വെച്ചു. മുനിത്തടത്തില്‍ അമ്പലത്തിന് സമീപം മയങ്ങി നിന്ന ആനയെ ബൂസ്റ്റര്‍ ഡോസ് നല്‍കിയ ശേഷം ചികിത്സ തുടങ്ങി. പഴുപ്പ് നീക്കം ചെയ്ത ശേഷം മുറിവില്‍ മരുന്നു വെച്ചു. ആനകള്‍ തമ്മില്‍ കൊമ്പു കോര്‍ത്ത് ഉണ്ടായ ആഴത്തിലുള്ള മുറിവായിരുന്നു എന്നും പ്രയാസമുള്ളതായിരുന്നു ദൗത്യമെന്നും ഡോ അരുണ്‍ സക്കറിയ പറഞ്ഞു. മൂന്നു ദിവസം നീണ്ട ദൗത്യം വിജയം കണ്ടതായും ആനയ്ക്ക് തുടര്‍ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നും വാഴച്ചാല്‍ ഡിഎഫ്ഒ ലക്ഷ്മി പറഞ്ഞു.
ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ മയക്കുവെടിവച്ചത്. രണ്ടുദിവസം മുമ്പ് ഉള്‍ക്കാട്ടിലേക്ക് വലിഞ്ഞ ആനയെ കണ്ടെത്താന്‍ ഡ്രോണ്‍ ഉപയോഗിച്ചും തെരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ഇന്ന് രാവിലെ ദൗത്യ സംഘത്തിന് മുന്നില്‍പ്പെട്ട ആന മറ്റ് മൂന്ന് ആനകള്‍ക്കൊപ്പമായിരുന്നു. മയക്കുവെടിയേറ്റതോടെ കൂട്ടത്തില്‍ നിന്നും വേര്‍പ്പെട്ട് പരിഭ്രാന്തിയോടെ ഓടിയ ആന ഒടുവില്‍ മയങ്ങിയതിനെ തുടര്‍ന്നാണ് ചികിത്സ ആരംഭിച്ചത്.



