Sunday, December 21, 2025
No menu items!
Homeവാർത്തകൾഅതിതീവ്ര മഴ: ഇന്ന് ആറു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

അതിതീവ്ര മഴ: ഇന്ന് ആറു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ആറു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍മാര്‍. കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. നേരത്തേ പ്രഖ്യാപിച്ച പരീക്ഷകളില്‍ മാറ്റമില്ല. പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്.

എറണാകുളം

ശക്തമായ മഴയും കാറ്റും കണക്കിലെടുത്ത് എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച്ച ( മെയ് 29) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍ എസ് കെ ഉമേഷ് അറിയിച്ചു. അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്. മഴ ശക്തമാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പരിഗണിച്ച് ഡിടിപിസി യുടേയും ടൂറിസം വകുപ്പിന്റേയും കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും അടുത്തൊരു അറിയിപ്പുണ്ടാകുന്നതുവരെ താല്‍ക്കാലികമായി അടച്ചിടും. തുറസ്സായ സ്ഥലങ്ങളിലെ ടൂറിസവുമായി ബന്ധപ്പെട്ട പരിപാടികളും നിര്‍ത്തി വെക്കുന്നതാണ്.

കണ്ണൂര്‍

ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് ഇന്ന് (29/05/2025, വ്യാഴാഴ്ച) ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

രാത്രി യാത്രയ്ക്ക് നിയന്ത്രണം

മണ്ണിടിച്ചില്‍ മൂലമുണ്ടായ തടസ്സം നീക്കിയതിനാല്‍ കൊട്ടിയൂര്‍ – പാല്‍ചുരം റോഡിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചതായി കണ്ണൂര്‍ ജില്ലാ കലക്ടര്‍ അറിയിച്ചു. എന്നാല്‍ രാത്രി യാത്രയ്ക്ക് നിയന്ത്രണം ഉണ്ടായിരിക്കും. വൈകിട്ട് ആറ് മണിക്കുശേഷം വാഹനങ്ങള്‍ പേരിയ ചുരം-നിടുംപൊയില്‍ റോഡ് വഴി പോകേണ്ടതാണ്.

കാസര്‍കോട്

ജില്ലയില്‍ ഇന്ന് പ്രൊഫഷണല്‍ കോളജുകള്‍ക്ക് അടക്കം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് പ്രഫഷനല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്പെഷല്‍ ക്ലാസുകള്‍, അങ്കണവാടികള്‍, മദ്രസകള്‍ തുടങ്ങിയവയ്ക്ക് ഇന്ന് ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ ഐഎഎസ് അവധി പ്രഖ്യാപിച്ചു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയില്‍ ക്വാറികള്‍ മേയ് 29, 30 തീയതികളില്‍ പ്രവര്‍ത്തിക്കുവാന്‍ പാടില്ല. ഈ ദിവസങ്ങളില്‍ റാണിപുരം ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും. ബീച്ചുകളിലേക്കും വിനോദസഞ്ചാരികള്‍ക്കു പ്രവേശനം അനുവദിക്കുന്നതല്ല. മലയോരങ്ങളിലേക്കുള്ള രാത്രികാല യാത്രകള്‍ ഒഴിവാക്കേണ്ടതാണ്.

പത്തനംതിട്ട

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 2025 മേയ് 29 വ്യാഴാഴ്ച അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും

അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഒഡിഷ തീരത്തിന് സമീപം വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തികൂടിയ ന്യൂനമര്‍ദം സ്ഥിതിചെയ്യുന്നു. വടക്കുഭാഗത്തേക്ക് നീങ്ങുന്ന ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും റെഡ് അലര്‍ട്ട് ആണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments