അടിയന്തര മാനുഷിക സഹായം ലഭിച്ചില്ലെങ്കിൽ 48 മണിക്കൂറിനുള്ളിൽ ഗസ്സയിൽ 14000 കുഞ്ഞുങ്ങൾ മരിക്കാൻ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. ഉപരോധത്തിൽ അയവുവരുത്തിയിട്ടും ഗസ്സയിലേക്ക് അഞ്ചു ട്രക്കുകൾ മാത്രമേ ഇസ്രായേൽ കടത്തിവിടുന്നുള്ളൂ. യു.എസ്, കാനഡ, ഫ്രാൻസ്, യു.കെ എന്നിവയുൾപ്പെടെയുള്ള സഖ്യകക്ഷികളുടെ സമ്മർദ്ദത്തെ തുടർന്നാണ് ഇസ്രായേൽ ഉപരോധത്തിൽ അയവ് വരുത്തിയത്. കുഞ്ഞുങ്ങൾക്കുള്ള ഭക്ഷണം ഉൾപ്പെടെയുള്ള മാനുഷിക സഹായങ്ങൾ വഹിച്ചുകൊണ്ട് അഞ്ച് ട്രക്കുകൾ മാത്രമാണ് തിങ്കളാഴ്ച ഗസ്സയിലേക്ക് പ്രവേശിച്ചതെന്നും ആവശ്യമുള്ളവരിലേക്ക് ഇതുവരെ സഹായം എത്തിയിട്ടില്ലെന്നും യു.എൻ ഹുമാനിറ്റേറിയൻ മേധാവി ടോം ഫ്ലെച്ചർ പറഞ്ഞു.’ഞങ്ങൾക്ക് അവരെ സമീപിക്കാൻ കഴിയുന്നില്ലെങ്കിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ 14000 കുഞ്ഞുങ്ങൾ മരിക്കും. പോഷകാഹാരക്കുറവ് കാരണം കുട്ടികൾക്ക് ഭക്ഷണം നൽകാൻ കഴിയാത്ത അമ്മമാർക്ക് കുഞ്ഞുങ്ങൾക്കുള്ള ഭക്ഷണം എത്തിക്കാൻ കഴിയുന്നില്ലെങ്കിൽ വലിയ അപകടസാധ്യതകൾ കാണുന്നു. മാനുഷിക പിന്തുണയിൽ അടിയന്തര വർധനവ് വരുത്തണം’ അദ്ദേഹം ബി.ബി.സിയുടെ റേഡിയോ 4 ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കുഞ്ഞുങ്ങൾക്കുള്ള ഭക്ഷണവും പോഷകാഹാരവും നിറച്ച 100 ട്രക്കുകൾ കൂടി ഇന്ന് ഗസ്സയിലേക്ക് എത്തിക്കാൻ ഐക്യരാഷ്ട്രസഭ പ്രതീക്ഷിക്കുന്നു. അടുത്ത 48 മണിക്കൂറിനുള്ളിൽ 14000 കുഞ്ഞുങ്ങളെ പരമാവധി രക്ഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഗസ്സയിലെ ഇസ്രായേലിന്റെ അതിക്രൂരമായ നടപടികളെ ബ്രിട്ടൻ, ഫ്രാൻസ്, കാനഡ എന്നീ രാജ്യങ്ങൾ അപലപിക്കുകയും മാനുഷിക സഹായത്തിനുള്ള നിയന്ത്രണങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ സംയുക്ത നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. സംഘർഷ സ്ഥലത്തെ ആവശ്യങ്ങൾ വിലയിരുത്തുന്നതിനായി മെഡിക്കൽ സെന്ററുകൾ, സ്കൂളുകൾ തുടങ്ങിയ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ വിഭാഗമാണ് ഈ വിവരം കണ്ടെത്തിയെതെന്നും ഫ്ലെച്ചർ പറഞ്ഞു



