ചെറുതോണി: അഞ്ചുരുളി ആദിവാസി സങ്കേതത്തിലേക്കുള്ള പാത ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പട്ടികവർഗ വകുപ്പ് മന്ത്രി ഒ.ആർ കേളുവിന് നിവേദനം നൽകി. കാഞ്ചിയാർ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
ജില്ലയിലെ പാതകളെല്ലാം ഹൈടെക് നിലവാരത്തിലേക്ക് ഉയരുമ്പോഴും ചെളികുണ്ടിലൂടെയാണ് മേഖലയിലെ നൂറുകണക്കിന് ആളുകൾ സഞ്ചരിക്കുന്നത്. 50 ആദിവാസി കുടികളിലായി 200 ലധികം ആളുകളാണ് ഇവിടെ താമസിക്കുന്നത്. വർഷങ്ങളായി ഇവർക്ക് പുറം ലോകവുമായി ബന്ധപ്പെടാൻ ആകെയുള്ളത് ഈ മൺ വഴി മാത്രമാണ്. മഴ പെയ്യുന്നതോടെ ഈ വഴികളിലൂടെയുള്ള യാത്ര ഏറെ ക്ലേശകരമാകുന്ന സാഹചര്യത്തിൽ വാർഡ് ഫണ്ട് ഉപയോഗിച്ച് മക്കിട്ട് നിരത്തുന്നത് പതിവാണ്. എന്നാൽ ഇതൊന്നും ശാശ്വതമായ പരിഹാരത്തിലേക്ക് എത്തിയില്ല. യാത്ര ക്ലേശം രൂക്ഷമായ ഏതാനും ഇടങ്ങളിൽ ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്തു. എന്നാൽ ഏഴു കിലോമീറ്റർ അധികം ദൈർഘ്യമുള്ള പാതിയിൽ ചില ഭാഗങ്ങളിലെ കോൺക്രീറ്റ് ഒഴിച്ചാൽ ബാക്കിയുള്ളവ തീർത്തും യാത്രായോഗ്യമല്ല .
ഏകദേശം ആറുമാസം മുമ്പ് ഒന്നരക്കോടി രൂപയുടെ പദ്ധതി തയ്യാറാക്കി എസ്റ്റിമേറ്റ് അടക്കം പട്ടികവർഗ്ഗ ഡയറക്ടറേറ്റ് ഓഫീസിൽ നൽകിയിരുന്നു. എന്നാൽ നാളിതുവരെയായി യാതൊരുവിധ തുടർനടപടിയോ അറിയിപ്പുകളോ ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് നിവേദനം നൽകിയത്. മേഖലയിലെ ആളുകൾക്ക് വനാവകാശമടക്കം ഉണ്ടെങ്കിലും ഗതാഗതസംവിധാനങ്ങളുടെ അഭാവം ആളുകളുടെ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു. പലപ്പോഴും രോഗബാധയേത്തുടർന്ന് ആശുപത്രിയിൽ പോകണമെങ്കിൽ ഏഴു കിലോമീറ്റർ യാത്രയ്ക്ക് വേണ്ടിവരുന്നത് മണിക്കൂറുകളാണ്. ആംബുലൻസുകളോ മറ്റ് വാഹനങ്ങ ഇവിടേക്ക് കടന്നു വരാനും ഏറെ ബുദ്ധിമുട്ടാണ്. കൃത്യസമയത്ത് ആശുപത്രിയിലെത്താൻ സാധിക്കാതെ ഈ പാതയിൽ തന്നെ മരണമടക്കം ഉണ്ടായിട്ടും ഉണ്ട്.
അതോടൊപ്പം റോഡിൻ്റെ ശോച്യാവസ്ഥ മൂലം മേഖലയിലെ നിരവധി കുട്ടികൾ പഠനം നിർത്തി. മന്ത്രിക്കടക്കം നിവേദനം നൽകിയ സാഹചര്യത്തിൽ അഞ്ചുരുളി സെറ്റിൽമെന്റ് റോഡിന് ശാപമോക്ഷം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് അധികൃതരും കുടുംബങ്ങളും.



