Sunday, February 22, 2026
No menu items!
Homeവാർത്തകൾഅഞ്ചുചങ്ങല പ്രദേശത്തെ പട്ടയം നൽകുന്ന വിഷയം സർക്കാറിന്റെ സജീവ പരിഗണനയിലാണെന്ന് റവന്യൂ മന്ത്രി കെ രാജൻ

അഞ്ചുചങ്ങല പ്രദേശത്തെ പട്ടയം നൽകുന്ന വിഷയം സർക്കാറിന്റെ സജീവ പരിഗണനയിലാണെന്ന് റവന്യൂ മന്ത്രി കെ രാജൻ

നെയ്യാറ്റിൻകര താലുക്കിലെ അഞ്ചുചങ്ങല പ്രദേശത്തെ മുഴുവൻ ആളുകൾക്കും പട്ടയം നൽകുന്ന വിഷയം സർക്കാറിന്റെ സജീവ പരിഗണനയിലാണെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. സി.കെ ഹരീന്ദ്രൻ എം.എൽ.എയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി. പ്രസ്തുത പ്രദേശം വനഭൂമിയിൽ ഉൾപ്പെട്ടതാണോയെന്ന് കണ്ടെത്തുന്നതിന് ഡിജിറ്റൽ സർവേ നടത്തുമെന്നും ആദ്യഘട്ടമായി വാഴിച്ചാൽ വില്ലേജിനെ ഡിജിറ്റൽ സർവേയുടെ മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.

കള്ളിക്കാട്, വാഴിച്ചൽ, അമ്പൂരി വില്ലേജ് പരിധിയിൽ ഉൾപ്പെട്ടു വരുന്ന അഞ്ചുചങ്ങല പ്രദേശത്ത് വർഷങ്ങളായി കൈവശം വച്ച് വീട് വെച്ച് താമസിച്ച് വരുന്ന 476 കുടുംബങ്ങൾക്ക് 1964-ലെ ഭൂപതിവ് ചട്ടപ്രകാരം പട്ടയം നൽകുന്നതിനായി 2016ൽ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി ഉത്തരവിട്ടിരുന്നു. ഇതിൽ കളളിക്കാട് വില്ലേജിൽ 84.3 ഏക്കർ കണ്ട്കൃഷി ഭൂമി കൈവശം വച്ചിരുന്നവരും ഉൾപ്പെട്ടിരുന്നു. 2021ൽ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കണ്ട്കൃഷി ഭൂമി കൈവശം വച്ചിരുന്ന അർഹരായ മുഴുവൻ കൈവശക്കാർക്കും പട്ടയം വിതരണം ചെയ്തിട്ടുള്ളതായി മന്ത്രി പറഞ്ഞു.

അഞ്ചുചങ്ങല പ്രദേശത്ത് ഇറിഗേഷൻ വകുപ്പിന്റെ കൈവശമുളള ഭൂമിയിൽ താമസിച്ചു വരുന്നവർക്ക് സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് പട്ടയം നൽകാൻ സാധിച്ചിട്ടില്ല. എംഎഫ്എൽ + 1 + 10 എം എന്ന ലൈൻ മാർക്ക് അളവ് അനുസരിച്ച് തയ്യാറാക്കിയ സ്‌കെച്ചും നിലവിലെ സ്‌കെച്ചും തമ്മിൽ വ്യത്യാസം ഉളളതായി ഇറിഗേഷൻ വകുപ്പ് അറിയിച്ചതിനെ തുടർന്ന് നിശ്ചിത അകലവും ഉയരവും പാലിക്കാത്ത കെട്ടിടങ്ങൾ ഒഴിവാക്കി പുതിയ സ്‌കെച്ച് അംഗീകാരത്തിനായി ഇറിഗേഷൻ വകുപ്പിന് സമർപ്പിച്ചിട്ടുണ്ട്. ഇറിഗേഷന്റെ വകുപ്പിന്റെ അംഗീകാരത്തിന് ശേഷം മാത്രമേ എൽ.എ രേഖ തയാറാക്കാനാകൂവെന്നും മന്ത്രി അറിയിച്ചു.

ഈ പ്രദേശം വനാതിർത്തിക്കുള്ളിലാണ് കാണപ്പെടുന്നതെങ്കിൽ 1993-ലെ ഭൂപതിവ് ചട്ടപ്രകാരം കേന്ദ്ര സർക്കാരിന്റെ അനുമതിയോടെയും റവന്യൂ ഭൂമിയാണെന്ന് കണ്ടെത്തുകയാണെങ്കിൽ ജലസേചന വകുപ്പിന്റെ അനുമതിയോടെ 1964-ലെ ഭൂപതിവ് ചട്ടപ്രകാരവും പതിച്ചു നൽകാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments