അങ്കോല: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചില്‍ നിർണ്ണായക വഴിത്തിരിവിലേക്ക്. പുഴയില്‍ ഒരു ലോറി കണ്ടെത്തിയതായി കർണാടക റവന്യൂ വകുപ്പ് മന്ത്രി കൃഷ്ണ ബൈര ഗൌഡെ വ്യക്തമാക്കി. പുഴയോരത്തുനിന്ന് 20 മീറ്റർ മാറിയാണ് ലോറി കണ്ടെത്തിയിരിക്കുന്നത്. ഉത്തരകന്നഡയിലെ അങ്കോല ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയാണ് കണ്ടെത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു.
ഡീപ് സെര്‍ച്ച് ഡിറ്റക്ടറടക്കം അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചായിരുന്നു തിരച്ചിൽ. കരയിൽ നിന്ന് 15 മീറ്റർ താഴ്ചയിലാണ് ലോറി കിടക്കുന്നത്. നിലവിൽ നദിയുടെ കരയോട് ചേർന്ന ഭാഗത്ത് ഡീപ് ഡൈവേഴ്സ് പരിശോധന നടത്തുന്നുണ്ട്. ബൂം എസ്കലേറ്റർ ഉപയോഗിച്ച് ലോറി കരയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് വിവരം. പ്രദേശത്ത് ശക്തമായ മഴയാണ്. കാലാവസ്ഥ അനുകൂലമെങ്കിൽ രാത്രിയിലും പരിശോധന തുടരാനാണ് സാധ്യത.