കൊച്ചി: ഡേറ്റ ബാങ്കില്‍ നിന്നു ഭൂമി നീക്കം ചെയ്യാനുള്ള അപേക്ഷ പരിഗണിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടും സമാനമായ ഉത്തരവിലൂടെ വീണ്ടും അപേക്ഷ തള്ളിയ പാലക്കാട് മുന്‍ ആര്‍ഡിഒയ്ക്ക് ഹൈക്കോടതി പതിനായിരം രൂപ പിഴ ചുമത്തി. ‘എന്നെ തല്ലേണ്ടമ്മവാ ഞാന്‍ നന്നാവില്ല’ എന്ന ഉദ്യോഗസ്ഥരുടെ സമീപനത്തെ അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന് വ്യക്തമാക്കി.
നിലവില്‍ കോട്ടയം ഡെപ്യൂട്ടി കലക്ടറായ എസ് ശ്രീജിത്തിനോടാണ് സ്വന്തം പോക്കറ്റില്‍ നിന്ന് ഹര്‍ജിക്കാരനു കോടതിയില്‍ ചെലവായ പിഴത്തുക നല്കാന് നിര്‍ദേശിച്ചിരിക്കുന്നത്. പാലക്കാട് കണ്ണാടി സ്വദേശി സി വിനുമോന്റെ ഹര്‍ജി അനുവദിച്ചാണ് ഉത്തരവ്. ഉദ്യോഗസ്ഥര്‍ സ്വയമുണ്ടാക്കി അവരുടെ ഇടയില്‍ പ്രചരിപ്പിക്കുന്ന മാതൃക അടിസ്ഥാനമാക്കിയാണ് ഉത്തരവിടുന്നതെന്ന് ആശങ്കയുണ്ടെന്നും കോടതി പറഞ്ഞു.
പാലക്കാട് കണ്ണാടിയില്‍ 5.1 സെന്റ് സ്ഥലമാണ് ഹര്‍ജിക്കാരനുള്ളത്. ഡേറ്റ ബാങ്കില്‍ നിന്ന് ഒഴിവാക്കാന്‍ അപേക്ഷ നല്കി. എന്നാല്‍ നിയമം നിലവില്‍ വന്ന 2008ല്‍ ഭൂമി പരിവര്ത്തനപ്പെടുത്തിയിട്ടില്ലെന്നും നിലവില്‍ കൃഷി യോഗ്യമായി തരിശാണെന്നുമുള്ള പേരില്‍ അപേക്ഷ തള്ളി. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ അപേക്ഷ വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്നാണ് ആദ്യം പുറപ്പെടുവിച്ചതിന് സമാനമായ ഉത്തരവിലൂടെ ആര്‍ഡിഒ അപേക്ഷ നിരസിച്ചത്.
ഹര്ജിക്കാരന് വീണ്ടും കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഉത്തരവിന്റെ ലംഘനം കോടതിയലക്ഷ്യമായി കണക്കാക്കി ആര്‍ഡിഒയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. തെരഞ്ഞെടുപ്പ് ജോലിയുടെ തിരക്കായതിനാല്‍ കീഴ് ഉദ്യോഗസ്ഥനാണ് റിപ്പോര്‍ട്ടും ഉത്തരവും തയ്യാറാക്കിയതെന്നും ഒപ്പിടുക മാത്രമാണ് ഉണ്ടായതെന്നുമായിരുന്നു ആര്‍ഡിഒയുടെ മറുപടി. ഹര്‍ജിക്കാരന്റെ അപേക്ഷയില്‍ ആര്‍ഡിഒയുടെ ഉത്തരവ് റദ്ദാക്കി അപേക്ഷ പരിഗണിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കാനും നിര്‍ദേശിച്ചു.



