രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്ന കുടിയേറ്റക്കാർ സ്വയം പുറത്ത് പോകാന്‍ തയ്യാറാകുകയാണെങ്കില്‍ പണവും വിമാന ടിക്കറ്റും നൽകാൻ ആലോചിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കുറ്റവാളികളെ നാടുകടത്തുന്നതിനൊപ്പം, മറ്റുള്ളവർക്ക് സ്വമേധയാ രാജ്യം വിടാൻ പ്രോത്സാഹനം നൽകുന്ന പദ്ധതിയാണ് ഇതെന്ന് അദ്ദേഹം വ്യക്തമാക്കി. “നല്ലവരായ” കുടിയേറ്റക്കാർക്ക് ഭാവിയിൽ നിയമപരമായി തിരികെ വരാൻ അവസരം നൽകുമെന്നും ട്രംപ് പറഞ്ഞു.
ഫോക്സ് നോട്ടീസിയാസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രംപ് തന്റെ മുൻകാല കർശന കുടിയേറ്റ നയങ്ങളിൽ നിന്ന് വ്യതിചലിക്കുന്നതായി വിലയിരുത്തപ്പെടുന്നതാണ് പുതിയ പ്രഖ്യാപനം. നേരത്തെ, വൻതോതിലുള്ള നിർബന്ധിത നാടുകടത്തലിനും അതിർത്തി സുരക്ഷ ശക്തമാക്കലിനും ഊന്നൽ നൽകിയിരുന്ന അദ്ദേഹം, ഇപ്പോൾ കുടിയേറ്റക്കാരെ മികച്ച രീതിയിൽ രാജ്യം വിടാൻ പ്രേരിപ്പിക്കുന്നതിനാണ് ശ്രമിക്കുന്നത്. ഇന്ത്യക്കാരുള്പ്പെടേയുള്ളവരെ സൈനിക വിമാനങ്ങളില്‍ വിലങ്ങ് അണിയിച്ചും കാലില്‍ ചങ്ങലയും അണിയിച്ച് നാടുകടത്തിയത് വലിയ പ്രതഷേധങ്ങള്ക്കും ഇടയാക്കിയിരുന്നു. പുതിയ പദ്ധതിയുടെ വിശദാംശങ്ങൾ, സമയക്രമം, സ്റ്റൈപ്പന്റിന്റെ തുക തുടങ്ങിയവ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഈ നീക്കത്തിലൂടെ ഹോട്ടലുകളിലും കൃഷിയിടങ്ങളിലും തൊഴിലാളികളുടെ ആവശ്യം നിറവേറ്റാൻ സഹായിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. എൽ സാൽവഡോർ, കൊളംബിയ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളുമായി സഹകരിച്ച് തിരികെ എത്തുന്നവർക്ക് പിന്തുണ നൽകാനും പദ്ധതിയുണ്ട്. അതേസമയം കുടിയേറ്റ അനുകൂല സംഘടനകൾ ഈ നയത്തേയും വിമർശിക്കുകയാണ്. ഇത് കുടുംബങ്ങളെ വേർപെടുത്തുകയും സമൂഹങ്ങളെ തകർക്കുകയും ചെയ്യുമെന്നാണ് അവർ ചൂണ്ടിക്കാട്ടുന്ന പ്രധാന കാര്യം നിയമപരമായ വെല്ലുവിളികളും പദ്ധതിയെ ബാധിച്ചേക്കാം. 11.7 ദശലക്ഷം നിയമവിരുദ്ധ കുടിയേറ്റക്കാർ അമേരിക്കയിലുണ്ടെന്നാണ് കണക്ക്, ഇവരെ കൈകാര്യം ചെയ്യാൻ വൻതോതിലുള്ള ഫണ്ടും ലോജിസ്റ്റിക്സും ആവശ്യമാണ്. സിബിപി ഹോം ആപ്പ് വഴി സ്വയം-നാടുകടത്തൽ സുഗമമാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഈ പദ്ധതി, ട്രംപിന്റെ കുടിയേറ്റ നയത്തിലെ പുതിയ മുഖമായി വിലയിരുത്തപ്പെടുന്നു, എന്നാൽ അതിന്റെ പ്രായോഗികതയും ഫലപ്രാപ്തിയും വരും മാസങ്ങളിൽ കണ്ടറിയം.