ദുബൈ: രാജ്യത്തെ സ്വകാര്യ, പൊതു മേഖലകളിലെ നിരവധി തന്ത്രപ്രധാന രംഗങ്ങളെ ലക്ഷ്യംവെച്ചുണ്ടാകുന്ന സൈബർ ആക്രമണങ്ങളെ തടഞ്ഞ് ദേശീയ സൈബർ സുരക്ഷ സംവിധാനങ്ങൾ. ദിവസവും രണ്ട് ലക്ഷത്തോളം സൈബർ ആക്രമണങ്ങളാണ് ഇത്തരത്തിൽ വിജയകരമായി തടയുന്നതെന്ന് ദേശീയ സൈബർ സെക്യൂരിറ്റി കൗൺസിൽ വെളിപ്പെടുത്തി. ഡേറ്റകൾ കൈക്കലാക്കാനും ഡിജിറ്റൽ സംവിധാനങ്ങൾ ലോക്കാക്കാനും ലക്ഷ്യമിട്ടാണ് ഇത്തരം ആക്രമണങ്ങളുണ്ടാകുന്നത്. എന്നാൽ അതിവേഗം ഇത്തരം ആക്രമണങ്ങൾ തിരിച്ചറിയാനും തടയാനും അധികൃതർക്ക് സാധിക്കുന്നുണ്ട്. അതോടൊപ്പം ഹാക്കർമാരെ തിരിച്ചറിയാനും സൈബർ ആക്രമണങ്ങളുടെ സ്രോതസ്സ് മനസ്സിലാക്കാനും അധികൃതർക്ക് സാധിച്ചിട്ടുണ്ട്. നിർമിതബുദ്ധി സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയുള്ള ആക്രമണങ്ങളും സമീപകാലത്ത് കണ്ടെത്തിയിട്ടുണ്ട്. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങൾ ഉയർന്നുവരുന്ന വലിയ വെല്ലുവിളിയാണ്. ഡീപ്ഫേക്ക് സാങ്കേതികവിദ്യകൾ, സോഷ്യൽ എൻജിനീയറിങ്, റാൻസംവെയർ പോലുള്ള മാൽവെയർ എന്നിവ നിർമിതബുദ്ധി ഉപയോഗപ്പെടുത്തുന്ന പ്രവണത വർധിച്ചതായി അതോറിറ്റി നിരീക്ഷിച്ചു. ഫിഷിങ്, സോഷ്യൽ എൻജിനീയറിങ് തുടങ്ങിയ പരമ്പരാഗത രീതിയിലുള്ള സൈബർ ആക്രമണങ്ങളും നൂതന രീതിയിലുള്ള ആക്രമണങ്ങൾക്കിടയിലും നിലനിൽക്കുന്നുണ്ട്.
എന്നാൽ പുതിയ ഭീഷണികൾ കൂടുതൽ സങ്കീർണവും അത്യാധുനിക സാങ്കേതിക വിദ്യകളില്ലാതെ കണ്ടെത്താൻ പ്രയാസകരവുമായതാണെന്ന് അധികൃതർ വിലയിരുത്തുന്നു. ഇത്തരം ആക്രമണങ്ങളിൽനിന്ന് രക്ഷപ്പെടുന്നതിന് എല്ലാ പൊതു, സ്വകാര്യ സ്ഥാപനങ്ങളും സൈബർ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു. ആഗോള തലത്തിലെ മികച്ച രീതികൾ അനുസരിച്ച് യു.എ.ഇയിൽ ഡിജിറ്റൽ മേഖല ശക്തിപ്പെടുത്തുന്നതിനും നിർണായക അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുന്നതിനും എല്ലാ ദേശീയ ടാസ്ക് ഫോഴ്സുകളും പ്രവർത്തിക്കുന്നതായി സൈബർ സെക്യൂരിറ്റി കൗൺസിൽ ചെയർമാൻ ഡോ. മുഹമ്മദ് അൽ കുവൈത്തി പറഞ്ഞു. ഉയർന്ന കാര്യക്ഷമതയോടും വേഗത്തോടും കൂടി സൈബർ ഭീഷണികൾ കണ്ടെത്തുന്നതിനും ലഘൂകരിക്കുന്നതിനും രാജ്യത്തെ നൂതന ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



