തിരുവനന്തപുരം: സംസ്ഥാനത്തെ സോളാർ വൈദ്യുതോൽപാദന രംഗത്ത് മാറ്റങ്ങൾ നിർദേശിക്കുന്ന പുനരുപയോഗ ഊർജ ചട്ടഭേദഗതിയുടെ കരടിൽ നേരിട്ടുള്ള തെളിവെടുപ്പ് വൈദ്യുത റെഗുലേറ്ററി കമീഷൻ ആരംഭിച്ചു. ബുധനാഴ്ച തിരുവനന്തപുരത്ത് നടന്ന തെളിവെടുപ്പിൽ ചട്ടഭേദഗതി സംബന്ധിച്ച ആശങ്ക സൗരോർജ ഉൽപാദകരും ഈ മേഖലയിലെ സംരംഭകരും പങ്കുവെച്ചു. സോളാർ ‘വിരുദ്ധ’ ചട്ടഭേദഗതിയാണ് കമീഷൻ നടപ്പാക്കുന്നതെന്ന രൂക്ഷ വിമർശനം ഉയർന്നു. കേന്ദ്ര സർക്കാർ പുരപ്പുറ സൗരോർജ പദ്ധതി പ്രോത്സാഹിപ്പിക്കുന്ന നയം സ്വീകരിക്കുമ്പോൾ കേരളം ഇതിനെ തകർക്കാൻ ശ്രമിക്കുകയാണെന്ന പൊതുവികാരമാണ് ഉൽപാദകർ പ്രകടിപ്പിച്ചത്.പുതുതായി സ്ഥാപിക്കുന്ന ഗാർഹിക സോളാർ പ്ലാന്റുകൾക്ക് ബാറ്ററി സ്റ്റോറേജ് നിർബന്ധമാക്കുന്നതടക്കമുള്ള ചട്ടഭേദഗതിയിലെ നിർദേശങ്ങൾ ഈ രംഗത്ത് പുതുതായി ആളുകൾ എത്തുന്നതിനെ പിന്നോട്ടടിക്കും. സോളാർ വൈദ്യുത ഉൽപാദനം കൂടുന്നത് ഗ്രിഡിനെ ബാധിക്കുകയാണെന്നാണ് കെ.എസ്.ഇ.ബി വാദം. ഗ്രിഡ് സ്ഥിരത നിലനിർത്താൻ ആവശ്യമായ നടപടി സ്വീകരിക്കുകയാണ് കെ.എസ്.ഇ.ബി ചെയ്യേണ്ടത്. ജലവൈദ്യുത നിലയങ്ങളിൽനിന്നും കരാറുകൾ പ്രകാരവും ലഭിക്കുന്ന വൈദ്യുതി പകൽ ഉപയോഗിക്കുന്നത് കെ.എസ്.ഇ.ബി കുറക്കുകയും സോളാർ പ്ലാന്റുകളെ പൂർണമായി ആശ്രയിക്കുകയും ചെയ്യുക, നിലവിലെ നെറ്റ് മീറ്ററിങ് ബില്ലിങ് രീതി പ്ലാന്റിന്റെ ശേഷി കണക്കാക്കാതെ എല്ലാവിഭാഗം ഉൽപാദകർക്കും തുടരുക തുടങ്ങിയ ആവശ്യങ്ങളും ഉയർന്നു. അതേസമയം, തെളിവെടുപ്പിൽ ഉയർന്ന നിർദേശങ്ങൾ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തിയാവും അന്തിമ ചട്ടം പ്രസിദ്ധീകരിക്കുകയെന്ന് കമീഷൻ വ്യക്തമാക്കി. നിലവിലെ ബില്ലിങ് രീതി മൂലം വൻ നഷ്ടമാണ് സ്ഥാപനത്തിന് ഉണ്ടാകുന്നതെന്ന് കെ.എസ്.ഇ.ബി കമീഷനെ അറിയിച്ചു. സോളാർ പ്ലാന്റുകൾക്ക് രാത്രിയിലെ വില കൂടിയ വൈദ്യുതി കുറഞ്ഞ നിരക്കിൽ നൽകുന്നതുമൂലമുള്ള നഷ്ടം സോളാർ പ്ലാന്റ് സ്ഥാപിക്കാത്തവരുടെ ബില്ലിൽ പ്രതിഫലിക്കുകയാണ്. 28ന് കൊച്ചിയിലും 29ന് പാലക്കാടും 30ന് കോഴിക്കോടും തെളിവെടുപ്പ് നടത്തിയ ശേഷം അന്തിമ ചട്ടം പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യമിടുന്നത്.



