ഏഴ് മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന യാത്രിക സുനിത വില്യംസ് ഇന്ന് വീണ്ടും ബഹിരാകാശ നടത്തത്തിന്. ജനുവരി 16ന് ആറ് മണിക്കൂർ സ്പേസ് വാക്ക് നടത്തിയ സുനിത ഇന്ന് നടക്കാനിറങ്ങുമ്പോൾ കൂടെയുണ്ടാവുക സഹയാത്രികൻ ബുച്ച് വിൽമോറായിരിക്കും. ഇരുവരും ഒരാഴ്ചത്തെ ബഹിരാകാശ വാസത്തിന് കഴിഞ്ഞ ജൂണിലാണ് നിലയത്തിലേക്ക് പുറപ്പെട്ടത്. സാങ്കേതിക തകരാർ മൂലം മടങ്ങാനാവാതെ നിലയത്തിൽ തങ്ങുകയായിരുന്നു. സുനിതയുടെ ഒമ്പതാമത്തെ സ്പേസ് വാക്കായിരിക്കും ഇന്നത്തേത്. ബഹിരാകാശ നിലയത്തിന്റെ അറ്റകുറ്റപണികൾക്കായിട്ടാണ് ഒരിക്കൽകൂടി അവർ നിലയത്തിന് പുറത്ത് വരുന്നത്. ഇതിനകം 56 മണിക്കൂർ സ്പേസ് വാക്ക് നടത്തിയിട്ടുണ്ട് അവർ. 920 ദിവസം ബഹിരാകാശത്ത് ചെലവഴിക്കുകയും ചെയ്തു.