കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നഗരത്തിൽ കൊടിയും ഫ്ലക്സും സ്ഥാപിച്ചതിനു കൊല്ലം കോർപറേഷൻ സിപിഎമ്മിന് വൻ തുക പിഴ ചുമത്തി. മൂന്നര ലക്ഷം രൂപ പിഴ അടയ്ക്കണമെന്നു സിപിഎം ജില്ലാ സെക്രട്ടറിക്കു കോർപറേഷൻ സെക്രട്ടറി നോട്ടീസ് നൽകി. നഗരത്തിൽ അനധികൃതമായി 20 ഫ്ളക്സുകളും 2,500 കൊടിയും കെട്ടിയതിനാണ് നാല് ദിവസങ്ങൾക്കു മുൻപ് പിഴ ചുമത്തി നോട്ടീസ് നൽകിയത്. ഫീസ് അടച്ച് നിയമാനുസൃതം ഫ്ലക്സ് സ്ഥാപിക്കാൻ സിപിഎം അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കോർപറേഷൻ തീരുമാനം എടുത്തിരുന്നില്ല. കാഴ്ച മറയ്ക്കാതെയും ഗതാഗത തടസമില്ലാതെയും നടപ്പാത കൈയേറാതെയും ഫ്ലക്സ് ബോർഡുകളും കൊടിയും സ്ഥാപിച്ചെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിശദീകരണം. പിഴ അടയ്ക്കണോ, പിഴ നോട്ടീസിനെതിരെ കോടതിയിൽ പോകണോ എന്നതിൽ സിപിഎം തീരുമാനം എടുത്തിട്ടില്ല.



