വിലങ്ങന്നൂർ: ചെന്നായ്പ്പാറ പത്താഴക്കാടൻ സുഭാഷിനും കുടുംബത്തിനും സഹപാഠിയും പ്രവാസി വ്യവസായിയുമായ മാരായ്ക്കൽ സ്വദേശി ബിനോയ് കയ്യാണിക്കൽ നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാനവും, അനുമോദന സമ്മേളനവും നടത്തി. താക്കോൽ ദാനകർമ്മം പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രനും ബിനോയ് കയ്യാണിക്കലും ചേർന്ന് നിർവഹിച്ചു.
പീച്ചി ഗവ. സ്‌കൂളിലെ പൂർവ്വ വിദ്യാർഥി കൂട്ടായ്മയായ ഒരുമയിലെ സുഹൃത്തുക്കളാണ് തങ്ങളുടെ ബാച്ചുകാരനായ സുഭാഷിന്റെ വീടിന്റെ ദുരവസ്ഥ മനസ്സിലാക്കി സഹപാഠിയായ ബിനോയിയെ വിവരം അറിയിക്കുന്നത്. തുടർന്ന് വീട് നിർമ്മിച്ചു നൽകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ബിനോയിയെ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ ചടങ്ങിൽ അനുമോദിച്ചു. മനുഷ്യ സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയാണ് ബിനോയ് കയ്യാണിക്കലിന്റെ പ്രവർത്തനങ്ങളെന്നും, ചുരുങ്ങിയ കാലം കൊണ്ട് നാലു വീടുകൾ നിർമ്മിച്ചുനൽകിയ ബിനോയിക്ക് ഇനിയും കൂടുതൽ പേർക്ക് സഹായം എത്തിക്കാൻ കഴിയട്ടെ എന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
വാർഡ് മെമ്പർ ഷാജി വാരപ്പെട്ടിയിൽ അധ്യക്ഷത വഹിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷൈജു കുരിയൻ, അജിത മോഹൻദാസ്, ബാബു തോമസ്, കെ.പി ചാക്കോച്ചൻ, മാരായ്ക്കൽ പള്ളി മുൻ വികാരി ഫാ. ജോർജ്ജ് മറ്റത്തിൽ, കരിപ്പക്കുന്ന് പള്ളി വികാരി ഫാ. ഡേവിഡ് തങ്കച്ചൻ, വിൽസൺ പയ്യപ്പിള്ളി, ബേബി തുറപ്പുറം, ഷിബു പോൾ, കുരിയാക്കോസ് ഫിലിപ്പ്, ഷിബു പീറ്റർ, ഒരുമ സഹപാഠികൾ തുടങ്ങിയവർ പങ്കെടുത്തു .