Monday, December 22, 2025
No menu items!
Homeവാർത്തകൾസഭയ്ക്ക് പുതുദിശാബോധം പകർന്ന മാർ തൂങ്കുഴി എന്നും സഭയ്ക്കും സമൂഹത്തിനും പ്രചോദനം; എണാകുളം-അങ്കമാലി അതിരൂപത

സഭയ്ക്ക് പുതുദിശാബോധം പകർന്ന മാർ തൂങ്കുഴി എന്നും സഭയ്ക്കും സമൂഹത്തിനും പ്രചോദനം; എണാകുളം-അങ്കമാലി അതിരൂപത

കൊച്ചി: സവിശേഷമായ നേതൃശുശ്രൂഷയിലൂടെ സഭയ്ക്കും സമൂഹത്തിനും ക്രിസ്തുവിന്‍റെ ലാളിത്യവും കാലഘട്ടത്തിന്‍റെ ആവശ്യമനുസരിച്ചുള്ള പുതുദിശാബോധവും പകർന്ന ഇടയശ്രേഷ്ഠനാണു കാലം ചെയ്ത ആർച്ച്ബിഷപ് മാർ ജേക്കബ് തൂങ്കുഴിയെന്ന് എറണാകുളം-അങ്കമാലി അതിരൂപത.അര നൂറ്റാണ്ടു പിന്നിട്ട പൗരോഹിത്യ ജീവിതത്തിലൂടെയും മൂന്നു രൂപതകളിലെ ഇടയശുശ്രൂഷകളിലൂടെയും മാർ തൂങ്കുഴി സുവിശേഷ സന്ദേശങ്ങളെ അനേകരിലേക്കെത്തിക്കുന്നതിനും ക്രിസ്തു സാക്ഷ്യം തെളിമയോടെ പ്രകാശിപ്പിക്കുന്നതിലും ശ്രദ്ധിച്ചു. ആഴമാർന്ന ജീവിതാനുഭവങ്ങളും സ്നേഹാർദ്രമായ ജീവിതശൈലിയും സമന്വയിപ്പിച്ചു സഭാശുശ്രൂഷകളെ അദ്ദേഹം കൂടുതൽ മഹത്വപൂർണവും സ്വീകാര്യതയുമുള്ളതാക്കി. സഭയുടെ ദൗത്യങ്ങൾ ജീവിതഗന്ധിയും മനുഷ്യോന്മുഖവുമാകണമെന്നും കാലോചിതമായ പുതുക്കലുകൾ വേണമെന്നുമുള്ള ദർശനമാണ് മാർ തൂങ്കുഴിയുടെ ശുശ്രൂഷാജീവിതത്തെ വേറിട്ടു നിർത്തുന്നത്.മാനന്തവാടി, താമരശേരി രൂപതകളിലും തൃശൂർ അതിരൂപതയിലും അദ്ദേഹത്തിന്‍റെ നേതൃശൈലി സഭയുടെ മാത്രമല്ല, സമൂഹത്തിന്‍റെയും മൂല്യനിർമിതിക്കും വളർച്ചയ്ക്കും പ്രചോദനമായിട്ടുണ്ട്. സേവനം ചെയ്ത രൂപതകൾക്കുള്ളിൽ ഒതുങ്ങുന്നതായിരുന്നില്ല മാർ തൂങ്കുഴിയുടെ ജീവിതം ചെലുത്തിയ സ്വാധീനം. കേരള സഭയ്ക്കാകെയും പുതുദിശാബോധം നൽകാനാവുന്ന ഇടപെടലുകൾ അദ്ദേഹം നടത്തി.പ്രവർത്തനരീതി കൊണ്ടും ചിന്താധാര കൊണ്ടും എന്നും എറണാകുളം- അങ്കമാലി അതിരൂപതയോട് സാമീപ്യം പുലർത്തിയ മാർ തൂങ്കുഴി, ഉറച്ച നിലപാടുകളുടെ പ്രവാചകധർമം സധൈര്യം ഏറ്റെടുത്തു ദൈവജനത്തിന് എന്നും നല്ല ഇടയനായിത്തീർന്നു. മാർ തൂങ്കുഴിയുടെ നിര്യാണം സഭയ്ക്കും പ്രത്യേകമായി എറണാകുളം- അങ്കമാലി അതിരൂപതക്കും തീരാനഷ്ടമാണ്. അദ്ദേഹം തന്‍റെ ശുശ്രൂഷാജീവിതത്തിൽ പുലർത്തിയ സവിശേഷതകൾ വർത്തമാനകാല സഭയ്ക്കും അതിന്‍റെ നല്ല നാളെകൾക്കും പ്രചോദനമാകുമെന്നും അതിരൂപത പ്രസ്താവനയിൽ പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments