ചെന്നൈ: രാഷ്ട്രീയത്തില്‍ ചുവട് ഉറപ്പിച്ചതിനു പിന്നാലെ സംസ്ഥാന പര്യടനത്തിനൊരുങ്ങി നടനും ടിവികെ അധ്യക്ഷനുമായ വിജയ്. ഡിസംബർ രണ്ടിന് കോയമ്ബത്തൂരിലാണ് യാത്രയുടെ തുടക്കം. ഡിസംബർ 27ന് തിരുനെല്‍വേലിയില്‍ മെഗാറാലിയോടെ പര്യടനം സമാപിക്കും. ടിവികെ പാര്‍ട്ടിയുടെ ആശയങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ വേണ്ടിയാണ് പര്യടനം നടത്തുന്നതെന്ന് പാർട്ടി വക്താവ് പറഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും ടിവികെ സ്ഥാനാർഥികള്‍ മത്സരിക്കുമെന്ന് വിജയ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനു കളം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിജയ് യാത്ര നടത്തുന്നത്. പാർട്ടിയുടെ പ്രഖ്യാപന വേദിയില്‍ ഡിഎംകെയെ വിജയ് രൂക്ഷമായി വിമർശിച്ചിരുന്നു. അതേസമയം വിജയ്യെ വിമർശിക്കരുതെന്ന് പാർട്ടി വക്താക്കള്‍ക്കും നേതാക്കള്‍ക്കും അണ്ണാ ഡിഎംകെ നിർദേശം നല്കി.