തൃശൂർ: ജലനിരപ്പ് ഉയർന്ന സാഹചര്യത്തില്‍ ഷോളയാർ ഡാമിന്റെ ഷട്ടറുകള്‍ ഉയർത്തും. 2662.10 അടിയാണ് നിലവിലെ ജലനിരപ്പ്. റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ്തീരുമാനം. ഇന്ന് (20/10/2024) രാവിലെ 6 നും വൈകീട്ട് 6 നും ഇടയില്‍ ഷട്ടറുകള്‍ തുറന്നേക്കും. ഘട്ടം ഘട്ടമായി 100 ക്യുമെക്സ് ജലം പുറത്തുവിടാനാണ് നിലവിലെ തീരുമാനം.
ഷോളയാർ ഡാമിലെ റേഡിയല്‍ ഗേറ്റുകള്‍ തുറക്കുന്നതുമൂലം പൊരിങ്ങള്‍ക്കുത്ത് ഡാമിലൂടെ അധികജലം ഒഴുകിവന്ന് ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി വിഭാഗവും ജില്ലാ കളക്ടറും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാല്‍ പുഴയില്‍ കുളിക്കുന്നതിനും വസ്ത്രങ്ങള്‍ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാനും നിർദ്ദേശമുണ്ട്.



