ശ്രീകണ്ഠപുരം: തൊഴിലുറപ്പ് തൊഴിലാളികൾ പണിയെടുക്കുന്നതിനിടെ സ്വർണ്ണം, വെള്ളി ശേഖരം കണ്ടെത്തി. ശ്രീകണ്ഠപുരം പരിപ്പായി യുപി സ്ക്കൂളിന് സമീപം പുതിയ പുരയിൽ അബ്ദുൽ മജീദിന്റെ റബ്ബർ തോട്ടത്തിലാണ് ഈ ശേഖരങ്ങൾ കണ്ടെത്തിയത്. ഒരു മീറ്റർ ആഴത്തിൽ കുഴിച്ചപ്പോഴാണ് സ്വർണ്ണം, വെള്ളി ആഭരണങ്ങൾ കിട്ടിയത്. 17 മുത്ത് മണികൾ, 13 സ്വർണ്ണ മാല, കാശുമാലയുടെ ഭാഗമെന്ന് തോന്നുന്ന 4 പതക്കങ്ങൾ, പഴയ കാല അപ്പോത്തിരി, കമ്മൽ , നിരവധി വെള്ളി ആഭരങ്ങൾ എന്നിവയാണ് കണ്ടെത്തിയത്.
തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് ശ്രീകണ്ഠപുരം എസ് ഐ എം.വി ഷിജുവിന്റെ നേതൃത്വത്തിൽ പൊലീസ് ആഭരണം ശേഖരിച്ച് തളിപ്പറമ്പ് കോടതിയിൽ എത്തിച്ചു. പുരാവസ്തു വകുപ്പിനെ വിവരമറിയിച്ചു. വിദഗ്ദ്ധ പരിശോധനയിലൂടെയാണ് നിധിയാണെന്ന് സ്ഥിരികരിക്കാൻ പറ്റുകയുള്ളൂ എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.



