Tuesday, December 23, 2025
No menu items!
Homeവാർത്തകൾശബരിമല വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍;'ശബരിമല പൊലീസ് ഗൈഡ്'

ശബരിമല വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍;’ശബരിമല പൊലീസ് ഗൈഡ്’

പത്തനംതിട്ട: അയ്യപ്പഭക്തര്‍ക്ക് ശബരിമലയുമായി ബന്ധപ്പെട്ട് അറിയേണ്ട വസ്തുതകളും വിവരങ്ങളും ഇനി വിരല്‍ത്തുമ്പില്‍. പത്തനംതിട്ട ജില്ലാ പൊലീസ് സൈബര്‍ സെല്‍ തയ്യാറാക്കിയ ‘ശബരിമല പൊലീസ് ഗൈഡ്’ എന്ന പോര്‍ട്ടലിലൂടെയാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിര്‍ദേശാനുസരണമാണ് പോര്‍ട്ടലിന് രൂപം നല്‍കിയതെന്ന് കേരള പൊലീസ് അറിയിച്ചു. ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ കാണാവുന്ന രീതിയിലാണ് പോര്‍ട്ടല്‍. ഇംഗ്ലീഷില്‍ തയ്യാറാക്കിയ പൊലീസ് ഗൈഡില്‍ തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ എല്ലാ പ്രധാന വിവരങ്ങളും അയ്യപ്പ ഭക്തര്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങളും മറ്റു നിര്‍ദേശങ്ങളും അടങ്ങിയിരിക്കുന്നു. പൊലീസ് ഹെല്‍പ്ലൈന്‍ നമ്പറുകള്‍ക്ക് പുറമെ പൊലീസ് സ്റ്റേഷനുകളുടെയും ഗതാഗതം, ആരോഗ്യം, കെ എസ് ആര്‍ ടി സി, ആംബുലന്‍സ്, അഗ്‌നിരക്ഷാസേന, ഭക്ഷ്യസുരക്ഷ, ദേവസ്വം ഓഫീസ് എന്നിവയുടെയും ഫോണ്‍ നമ്പറുകളും ഇതില്‍ കൊടുത്തിട്ടുണ്ട്. തുടര്‍ന്ന്, പൊതുവിവരങ്ങള്‍ എന്ന തലക്കെട്ടില്‍ ശബരിമലയുടെ ഐതിഹ്യം, ചരിത്രം, വിവിധ ഉത്സവങ്ങള്‍, ഇരുമുടിക്കെട്ട് എന്നിവയുടെ വിശദമായ വിവരണം നല്‍കിയിട്ടുണ്ട്.

വാഹനങ്ങളുടെ പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍, വിവിധ ജില്ലകളില്‍ നിന്നും ശബരിമലയിലേയ്ക്കുള്ള പാതകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളും ഈ പോര്‍ട്ടലില്‍ ഉണ്ട്. പത്തനംതിട്ട ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധിയിലും ഇടത്താവളങ്ങളായി പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങള്‍, ഗ്രൗണ്ടുകള്‍, ദര്‍ശനവഴി തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളും വിശദമായി നല്‍കിയിട്ടുണ്ട്. സോപാനം, മാളികപ്പുറം, ആഴി, അരവണ കൗണ്ടര്‍ തുടങ്ങി അയ്യപ്പന്റെ സന്നിധിയിലേക്കുള്ള അയ്യപ്പഭക്തരുടെ സഞ്ചാരവഴികളിലെ എല്ലാ ഇടങ്ങളും ഗൂഗിള്‍ മാപ്പില്‍ ലഭ്യമാക്കിയിട്ടുണ്ട്. പമ്പ, സന്നിധാനം ആശുപത്രികളുടെ സേവനം, നിലയ്ക്കല്‍ പാര്‍ക്കിംഗ് കേന്ദ്രം എന്നിങ്ങനെ അറിയേണ്ടതെല്ലാം വ്യക്തമാക്കുന്ന പൊലീസ് ഗൈഡ് അവസാനിക്കുന്നത് കാലാവസ്ഥ അറിയിപ്പിലാണ്. വിവരങ്ങള്‍ യഥാസമയം പുതുക്കി നല്‍കുന്നതിന് സാധിക്കുംവിധമാണ് ഗൈഡ് ഒരുക്കിയിരിക്കുന്നതെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments