പഴയന്നൂർ: വെള്ളിത്തിരയിൽ ഇടിച്ചുകയറിയ താരം സ്റ്റണ്ട് മാസ്റ്ററായി തിളങ്ങുകയാണ്. പഴയന്നൂർ കല്ലേപ്പാടം വീട്ടിക്കൽ ബ്രൂസ് ലീ രാജേഷാണ് ഈ മിന്നുംതാരം. 1995ൽ ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ വിജയിച്ചതോടെയാണ് ബ്രൂസ് ലി രാജേഷിന്റെ തലവര മാറിയത്. ഈ മത്സരം കാണാനിടയായ ബോളിവുഡ് സംഘട്ടന സംവിധായകൻ ടിനു ആനന്ദ് സഹായിയായി കൂടെ കൂട്ടുകയായിരുന്നു. അസിസ്റ്റന്റായി എട്ടുവർഷത്തോളം പ്രവർത്തിച്ചശേഷം ദുനിയ ക അഹങ്കാർ എന്ന മറാത്തി സിനിമയിലൂടെ സ്വതന്ത്ര സംഘട്ടന സംവിധായകനായി മാറി്.
2008ൽ അഖിലേഷ് ഗുരു സംവിധാനം ചെയ്ത അരവിന്ദ് നായകനായ മായക്കാഴ്ചയിലൂടെ മലയാള സിനിമയിലുമെത്തി. മലയാളം, തമിഴ്, മറാത്തി, ഇംഗ്ലീഷ് സിനിമകളിലായ നൂറ്റമ്പതോളം സിനിമകളിൽ സംഘട്ടന സംവിധായകനായി മാറിയ ബ്രൂസ് ലീ രാജേഷ് ചില സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. ഹോളിവുഡ് കിംഗ് ബ്രൂസ് ലിയുടെ ആരാധകനായതുകൊണ്ടാണ് പേരിലൊരു ബ്രൂസ് ലി ടച്ചുള്ളത്. നിലവിൽ വി ആർ എഴുത്തച്ഛൻ സംവിധാനം ചെയ്യുന്ന ഒരേ പേച്ച് ഒരേ മുടിവ് എന്ന തമിഴ് സിനിമയിലെ കേന്ദ്ര കഥാപാത്രം ചെയ്തിരിക്കുന്നത് ബ്രൂസ് ലി രാജേഷാണ്. പത്തിലധികം സിനിമകളിൽ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. സീമപുരം, കാതലൻ യാരെടി, കേരള ടുഡേ, തീക്കുച്ചിയും പനിത്തുളിയും തുടങ്ങിയവ അതിൽ ചിലതാണ്. ധ്യാൻ ശ്രീനിവാസിന്റെ 11 .11, ഷൈൻ ടോം ചാക്കോയുടെ ചാട്ടുളി എന്നിവയാണ് സ്റ്റണ്ട് മാസ്റ്ററായി പുറത്തുവരാനിരിക്കുന്ന സിനിമ. മമ്മൂട്ടിയുടെ റോഷാക്ക്, ജയറാമിന്റെ ലോനപ്പന്റെ മാമോദിസ, ജോജു ജോർജിന്റെ ആരോ, കുഞ്ചാക്കോ ബോബന്റെ പദ്മിനി, ആസിഫ് അലിയുടെ എല്ലാം ശരിയാകും തുടങ്ങിയവ പ്രധാനപ്പെട്ട സിനിമകളാണ്.