ജറുസലേം: വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഹമാസും ഇസ്രയേലും ബന്ദികളെ കൈമാറുന്നത് ഊർജ്ജിതമാക്കിയതോടെ ലോകത്തിനും ഗാസയ്ക്കും സമാധാനവും ആശ്വാസവും വർധിക്കുകയാണ്. ഹമാസ് പിടികൂടിയ നാല് വനിതാ ഇസ്രയേല്‍ സൈനികരെ മോചിപ്പിച്ച് കൈമാറിയെന്നത് ഇന്ന് ലോകത്തിനാകെ സന്തോഷമുള്ള വാർത്തയായി. കരീന അരിയേവ്, ഡാനിയേല ഗില്‍ബോവ, നാമ ലെവി, ലിറി ആല്‍ബഗ് എന്നിവരെയാണ് കൈമാറിയത്. 2023 ഒക്ടോബർ 7 ന് പിടികൂടിയ ഇവരെ 477 ദിവസത്തിന് ശേഷമാണ് മോചിപ്പിച്ചത്. സൈനിക യൂണിഫോമുകളും തടവുകാര്‍ നല്കിയ ബാഗുകളും ധരിച്ചാണ് നാല് പേരും എത്തിയത്. വലിയ സ്വീകരണമാണ് ഈ 4 ധീര വനിതകൾക്കും ലഭിച്ചത്. ഇതിന്റെ വീഡിയോ വൈറലായിട്ടുണ്ട്.