Tuesday, July 8, 2025
No menu items!
Homeവാർത്തകൾവെടിനിര്‍ത്തല്‍ നീട്ടാന്‍ ഇസ്രയേല്‍ സമ്മര്‍ദം; ഗാസയിലേക്കുള്ള സഹായ വിതരണം വീണ്ടും തടഞ്ഞു

വെടിനിര്‍ത്തല്‍ നീട്ടാന്‍ ഇസ്രയേല്‍ സമ്മര്‍ദം; ഗാസയിലേക്കുള്ള സഹായ വിതരണം വീണ്ടും തടഞ്ഞു

ജെറുസലേം: വെടിനിര്‍ത്തല്‍ തുടരാന്‍ യുഎസ് നിര്‍ദേശത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കെ ഗാസയിലേക്കുള്ള മാനുഷിക സഹായങ്ങള്‍ വീണ്ടും തടഞ്ഞ് ഇസ്രയേല്‍. ഒന്നാം ഘട്ട വെടിനിര്‍ത്തല്‍ കരാറിന്റെ കാലാവധി ശനിയാഴ്ച പൂര്‍ത്തിയായെന്ന് ചൂണ്ടിക്കാട്ടിയാണ് ഇസ്രയേല്‍ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. താല്‍ക്കാലിക വെടിനിര്‍ത്തല്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫിന്റെ നിര്‍ദ്ദേശങ്ങള്‍ ഹമാസ് നിരസിച്ചെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പറയുന്നു.

മാനുഷിക സഹായങ്ങള്‍ തടഞ്ഞ് ഗാസയെ ബ്ലാക്ക് മെയില്‍ ചെയ്യാനുള്ള ശ്രമമാണ് ഇസ്രയേല്‍ നടത്തുന്നത് എന്നാണ് വിഷയത്തില്‍ ഹാമസ് നല്‍കുന്ന പ്രതികരണം. വെടി നിര്‍ത്തല്‍ കരാറിനെ അട്ടിമറിക്കാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നത്. ഈ വിഷയത്തില്‍ മദ്ധ്യസ്ഥര്‍ കാര്യക്ഷമമായി ഇടപെടണം എന്നും ഹമാസ് വക്താവ് ആവശ്യപ്പെട്ടു.

വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടത്തില്‍ രണ്ട് നിര്‍ദേശങ്ങളാണ് ഹമാസ് മുന്നോട്ട് വയ്ക്കുന്നത്. ഇസ്രയേല്‍ തടവിലാക്കിയവരെ വിട്ടയക്കണം എന്നും ഇസ്രയേല്‍ സേന ഗാസയില്‍ നിന്നും പിന്‍മാറണന്നുമാണ് പ്രധാന നിര്‍ദേശങ്ങള്‍. യുഎസ്, ഖത്തര്‍, ഈജിപ്ത് തുടങ്ങിയ മദ്ധ്യസ്ഥ രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ ഉറപ്പുകള്‍ നല്‍കുന്ന നിലയുണ്ടായാല്‍ മാത്രമേ രണ്ടാം ഘട്ട വെടിനിര്‍ത്തലുമായി മുന്നോട്ടുപോകൂ എന്നും ഹമാസ് പറയുന്നു.

ഗാസയിലേക്കുള്ള സഹായങ്ങള്‍ തടയാനുള്ള നെതന്യാഹുവിന്റെ തീരുമാനം ഇസ്രായേല്‍ അധിനിവേശത്തിന്റെ വൃത്തികെട്ട മുഖം ഒരിക്കല്‍ കൂടി വെളിപ്പെടുത്തുകയാണ്. പലസ്തീന്‍ ജനതയെ പട്ടിണിയിലേക്ക് തള്ളിവിടുന്നത് തടയാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണം എന്നും ഹമാസ് ആവശ്യപ്പെട്ടു.

വെടിനിര്‍ത്തല്‍ കരാറിന്റെ ഒന്നാം ഘട്ടം അവസാനിച്ച സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ക്കായുള്ള യുഎസ് ദൂതന്‍ വിറ്റ്‌കോഫ് മുന്നോട്ടുവച്ച രൂപരേഖ അംഗീകരിക്കുന്നതായി ഇസ്രയേല്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. റംസാന്‍, പെസഹാ കാലഘട്ടങ്ങളില്‍ ആറ് ആഴ്ചത്തേക്ക് വെടിനിര്‍ത്തല്‍ തുടരാന്‍ ആണ് യുഎസ് നിര്‍ദ്ദേശം എന്നും നെതന്യാഹുവിന്റെ ഓഫീസ് പറയുന്നു. എന്നാല്‍ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ ഹമാസ് തയ്യാറല്ലാത്ത സാഹചര്യത്തിലാണ് ഗാസ മുനമ്പിലേക്കുള്ള സഹായ വിതരണം തടയാന്‍ തീരുമാനിച്ചത്. ഇതിനൊപ്പം ഇസ്രയേല്‍ പൗരന്‍മാരായ ബന്ദികളെ മോചിപ്പിക്കാതെ വെടിനിര്‍ത്തല്‍ അനുവദിക്കില്ലെന്നും, ഹമാസ് നിഷേധാത്മക നിലപാട് തുടര്‍ന്നാല്‍ അനന്തരഫലങ്ങള്‍ ശക്തമാകുമെന്ന മുന്നറിയിപ്പും ഇസ്രയേല്‍ നല്‍കുന്നു. അതേസമയം, രണ്ടാം ഘട്ട വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് യുഎസ് മുന്നോട്ടുവച്ച വ്യവസ്ഥകള്‍ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments