തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖത്തിന് കേന്ദ്ര സർക്കാർ അനുവദിക്കാൻ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് (VGF) പലമടങ്ങായി തിരിച്ചടയ്ക്കണമെന്ന കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെയാണ് കത്തെഴുതിയത്. കേന്ദ്ര സർക്കാർ വിജിഎഫ് ഗ്രാന്റിന്റെ കാര്യത്തിൽ പുലർത്തി വന്ന പൊതുനയത്തിൽ നിന്നുള്ള വ്യതിയാനമാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കാര്യത്തിൽ മാത്രം കേന്ദ്ര ധനകാര്യ മന്ത്രാലയം സ്വീകരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടികാട്ടി. വിജിഎഫ് ഗ്രാന്റായി തന്നെ അനുവദിക്കുന്നതിന് പ്രധാനമന്ത്രി ഇടപെടണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
വിജിഎഫ് വിഭാവനം ചെയ്തിരിക്കുന്ന മാനദണ്ഡം അനുസരിച്ച് അത് ഒറ്റത്തവണ ഗ്രാന്റായി നൽണമെന്നും വായ്പയായി പരിഗണിക്കേണ്ടതല്ലെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. എന്നാൽ കേന്ദ്ര സർക്കാർ വിഴിഞ്ഞം തുറമുഖ പദ്ധതിക്കു നൽകിയ തുക സംസ്ഥാന സർക്കാരിനു നൽകിയ വായ്പയായി വ്യാഖ്യാനിക്കുകയും അതിന്റെ പലിശയടക്കമുള്ള തിരിച്ചടവ് സംസ്ഥാന സർക്കാരിന്റെ ബാധ്യതയാക്കി മാറ്റുകയുമാണ് ചെയ്യുന്നത് എന്നും പ്രധാനമന്ത്രിക്കുള്ള കത്തിൽ അദ്ദേഹം വിശദീകരിച്ചു.
അതേസമയം, തൂത്തുക്കുടി തുറമുഖത്തിന്റെ ഔട്ടർ ഹാർബർ പദ്ധതിക്ക് വിജിഎഫ് അനുവദിച്ചപ്പോൾ സമാനമായ നിബന്ധനകൾ ഉൾപ്പെടുത്തിയിരുന്നില്ലെന്ന കാര്യവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തൂത്തുക്കുടി തുറമുഖത്തിനു നൽകിയ അതേ പരിഗണന വിഴിഞ്ഞവും അർഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കത്തിൽ സൂചിപ്പിച്ചു. വിജിഎഫ് തിരിച്ചടവ് വിഷയത്തിൽ സ്വീകരിച്ച പുതിയ നിലപാട് റദ്ദാക്കണമെന്ന് കേന്ദ്ര ധനമന്ത്രാലയത്തോട് അപേക്ഷിച്ചെങ്കിലും നിരസിക്കപ്പെട്ടതായി മുഖ്യമന്ത്രി കത്തിൽ പറഞ്ഞു.