ദില്ലി: വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയ സംഭവത്തിൽ പ്രതിസന്ധി ഉടൻ തീർക്കുന്നതിൽ നിസ്സഹായത പ്രകടിപ്പിച്ച് ഇൻഡിഗോ. സർവ്വീസുകൾ പൂർണ്ണമായും സാധാരണ നിലയിലാകാൻ ഫെബ്രുവരി 10 വരെ സമയമെടുത്തേക്കാം എന്നാണ് ഇൻഡിഗോ അറിയിച്ചത്. അതുവരെ വിമാന സർവ്വീസുകൾ വെട്ടികുറയ്ക്കും. തൽക്കാലം സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമം തുടരുന്നു എന്ന് ഇൻഡിഗോ അറിയിച്ചു.
ജീവനക്കാരെ നിയമിക്കുന്നത് അടക്കമുള്ള നടപടികൾക്ക് സമയം എടുക്കും. യാത്രക്കാരോട് വാക്കു പാലിക്കാൻ കഴിയാത്തതിൽ ഖേദമുണ്ടെന്ന് ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് പ്രതികരിച്ചു. അഞ്ഞൂറിലധികം സർവ്വീസുകൾ ഇതുവരെ റദ്ദാക്കി. സർവ്വീസുകൾ റദ്ദാക്കുന്നത് വെള്ളിയാഴ്ചയും തുടരേണ്ടി വരും എന്ന് കമ്പനി അറിയിച്ചു. ഫ്ളൈറ്റ് ഡ്യൂട്ടി സമയ പരിധിയിൽ താൽക്കാലിക ഇളവ് അടക്കം ശുപാർശ നല്കാൻ കേന്ദ്ര സർക്കാർ നിർദേശിച്ചു.
550ലേറെ സർവീസുകളാണ് വ്യാഴാഴ്ച മാത്രം ഇൻഡിഗോ റദ്ദാക്കിയത്. ഈ വിമാന കമ്പനിയുടെ 20 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും സർവ്വീസുകൾ ഒരുമിച്ച് റദ്ദാക്കുന്നത്. തുടർച്ചയായി മൂന്നാം ദിവസമാണ് വിമാന സർവീസുകൾ തടസ്സപ്പെടുന്നത്. പൈലറ്റുമാരില്ലാത്തതും സാങ്കേതിക പ്രശ്‌നങ്ങളും അടക്കം നിരവധി ഘടകങ്ങൾ പ്രതിസന്ധിക്ക് കാരണമാണെന്നാണ് വിമാന കമ്പനിയുടെ വിശദീകണം



