കല്‍പ്പറ്റ: ഉരുള്‍പൊട്ടലില്‍ മരണം 340 ആയി. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 250ല്‍ അധികം ആളുകളെ ഇനി കണ്ടെത്താനുണ്ട്. 146 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. തിരിച്ചറിയാത്ത 74 മൃതദേഹങ്ങള്‍ ഇന്ന് സംസ്കരിക്കും. സൈന്യം, എന്‍ഡിആര്‍എഫ്, സംസ്ഥാന ഏജന്‍സികള്‍, സന്നദ്ധ സംഘടനകള്‍, നാട്ടുകാര്‍ എന്നിവര്‍ സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. വൈത്തിരി താലൂക്കിലെ കോട്ടപ്പടി, വെള്ളാര്‍മല, തൃക്കൈപ്പറ്റ വില്ലേജുകളെ സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു.
മരിച്ചവരെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുന്നു. ശനിയാഴ്ച രാവിലെ എട്ടുമണിയോടെ പരിശോധന ആരംഭിച്ചു. ദുരന്തത്തിന്റെ അഞ്ചാം ദിനമായ ഇന്ന് ആറു മേഖലകളായി തിരിച്ചാണ് തിരച്ചില്‍. ഓരോ സംഘത്തിനൊപ്പം വനംവകുപ്പ് ഉദ്യോഗസ്ഥരുമുണ്ട്. 1300ലധികം രക്ഷാപ്രവര്‍ത്തകരാണ് തിരച്ചില്‍ നടത്തുന്നത്. മുണ്ടക്കൈ, ചൂരല്‍മല, വെള്ളാര്‍മല സ്കൂള്‍, പുഞ്ചിരിമട്ടം തുടങ്ങിയ സ്ഥലങ്ങളിലാണ് ശനിയാഴ്ച പരിശോധന. ചാലിയാര്‍ പുഴയിലും പരിശോധന തുടരും. ഡല്‍ഹിയില്‍ നിന്ന് അത്യാധുനിക റഡാര്‍ ഉള്‍പ്പടെ എത്തിച്ചാണ് പരിശോധന നടത്തുക.



