തിരുവനന്തപുരം: വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരുടെ പുനരധിവാസത്തിന് രണ്ട് മോഡൽ ടൗൺഷിപ് പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകി. മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റിലും കൽപറ്റ മുനിസിപ്പാലിറ്റിയിലെ എൽസ്റ്റോൺ എസ്റ്റേറ്റിലും മോഡൽ ടൗൺഷിപ് നിർമിക്കാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
വൈത്തിരി താലൂക്കിലെ നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടറും കൽപറ്റ വില്ലേജിലെ എൽസ്റ്റോൺ എസ്റ്റേറ്റിലെ 78.73 ഹെക്ടറും ഭൂമിയാണ് ഏറ്റെടുക്കുക. ടൗൺഷിപ്പിന് ഏറ്റവും അനുയോജ്യമെന്ന് കണ്ടെത്തിയ രണ്ടു സ്ഥലങ്ങളുടെയും പൊസഷൻ 2005ലെ ദുരന്തനിവാരണ നിയമപ്രകാരം ഏറ്റെടുക്കാൻ മന്ത്രിസഭായോഗം അനുമതി നൽകി. ഭൂമി ഏറ്റെടുക്കലിന്റെ നിയമപ്രശ്നങ്ങളിൽ അഡ്വക്കറ്റ് ജനറലിന്റെ അടക്കം വിദഗ്ധോപദേശം തേടിയിരുന്നു. സ്ഥലം വേഗം ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുന്നത്.
ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെ ഒന്നാം ഘട്ടമായി പുനരധിവസിപ്പിക്കും. വാസയോഗ്യമല്ലാതായ സ്ഥലങ്ങളിൽ ഉൾപ്പെടുന്ന മറ്റു കുടുംബങ്ങളെ രണ്ടാം ഘട്ടമായും പുനരധിവസിപ്പിക്കും. പുനരധിവാസ പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളിൽ ഉൾപ്പെടുന്ന ഗുണഭോക്താക്കളുടെ കരട് പട്ടിക വയനാട് കലക്ടർ പ്രസിദ്ധീകരിക്കും. പട്ടിക അന്തിമമാക്കുന്നത് സംബന്ധിച്ച് വിശദമായ നിർദേശങ്ങൾ പുറപ്പെടുവിക്കാൻ റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തി.



