ന്യൂഡല്‍ഹി: വയനാട്ടിലെ ഉരുള്‍പൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍. ശൂന്യവേളയില്‍ സംസാരിക്കുന്നതിനിടെയാണ് രാഹുല്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. കൂടാതെ ദുരിതബാധിതരുടെ നഷ്ടപരിഹാരത്തുക ഉയര്‍ത്തണമെന്നും രാഹുല്‍ പറഞ്ഞു.
വയനാട്ടിലെ ദുരന്തബാധിത മേഖല താന്‍ നേരിട്ട് പോയി കണ്ടിട്ടുണ്ട്. അതിന്റെ വ്യാപ്തി വളരെ വലുതാണ്. വിവരിക്കാവുന്നതിലപ്പുറം നഷ്ടമാണ് അവിടുത്തെ ഓരോ കുടുംബത്തിനും ഉണ്ടായിരിക്കുന്നത്. അതിന്റെ വ്യാപ്തി കണക്കിലെടുത്ത് ദേശീയദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മരണസംഖ്യ നാനൂറ് കടന്നേക്കുമെന്നും ദുരന്തത്തില്‍ നിരവധി പേരെയാണ് കാണാതായെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക, തമിഴ്നാട്, തെലങ്കാന സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തിനും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹായിച്ച സൈന്യത്തിന്റെ പ്രവര്‍ത്തനത്തെയും രാഹുല്‍ അഭിനന്ദിച്ചു. ദുരന്തബാധിതര്‍ക്ക് സമഗ്രമായ പുനരധിവാസ പാക്കേജുകള്‍ നല്‍കണമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി നഷ്ടപരിഹാരത്തുക ഉയര്‍ത്തണമെന്നും രാഹുല്‍ പറഞ്ഞു. ദുരന്തമേഖലയില്‍ സഹായഹസ്തവുമായി എത്തിയവരോട് നന്ദിയുണ്ടെന്നും രാഹുല്‍ പറഞ്ഞു



