തൃശ്ശൂർ: വയനാട് ജനതയുടെ അതിജീവനത്തിന് കൈത്താങ്ങായി ഒന്നിച്ചോടി കളക്ടറും പോലീസ് കമ്മീഷണറും. എൻഡ്യൂറൻസ് അത്‌ലറ്റ്സ് ഓഫ് തൃശ്ശൂർ (ഇഎടി) , ദൃശ്യം ഐ കെയർ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ നടത്തിയ ‘ റൺ ഫോർ വയനാട് ‘ 5 കി.മീ. എന്ന ചാരിറ്റി റണ്ണിലാണ് ജില്ലാ കളക്ടറും സിറ്റി പോലീസ് കമ്മീഷണറും കൂട്ട ഓട്ടത്തിൽ പങ്കാളികളായത്.
ചാരിറ്റി റൺ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐ.എ.എസ് രാവിലെ 6.30 ന് ഫ്ളാഗ് ഓഫ് ചെയ്തു. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ ഐ.പി.എസ്മുഖ്യാതിഥിയായി പങ്കെടുത്ത് കളക്ടറോടൊപ്പം 5 കി.മീ ദൂരം ഓടി കൂട്ടായ്മയിൽ അണിചേർന്നു. തെക്കേ ഗോപുര നടയിൽ നിന്നാരംഭിച്ച് സ്വരാജ് റൗണ്ട്, വടക്കേ സ്റ്റാൻ്റ് ,അശ്വനി ജംഗ്ഷൻ, പാട്ടുരായ്ക്കൽ, വിദ്യാർത്ഥി കോർണർ വഴി തിരിച്ച് തെക്കേ ഗോപുരനടയിൽ അവസാനിക്കുന്ന രീതിയിലായിരുന്നു മിനി മാരത്തോൺ സംഘടിപ്പിച്ചത്.
തൃശ്ശൂരിലെ ഓട്ടം – നീന്തൽ – സൈക്ലിംഗ് കൂട്ടായ്മയായ ഇഎടി അംഗങ്ങൾ സ്വരൂപിച്ച 75720 രൂപ പ്രതിനിധികളായ പ്രശാന്ത് എം, റീമോൻ ആൻ്റണി, രാമകൃഷ്ണൻ വി.എ എന്നിവർ ചേർന്ന് കളക്ടർക്ക് കൈമാറി. ഇഎടി കൂട്ടായ്മ മാസം തോറും നടത്തിവരുന്ന ഗ്രൂപ്പ് റണ്ണിൻ്റെ ഭാഗമായാണ് ചാരിറ്റി റൺ എന്ന വ്യത്യസ്ത ആശയം മുന്നോട്ട് വച്ചത്. കളക്ടർക്കും കമ്മീഷണർക്കും ഒപ്പം ഇഎടി അംഗങ്ങളും തൃശ്ശൂരിലെയും അയൽ ജില്ലകളിലെയും കായിക പ്രേമികളുമടങ്ങുന്ന നൂറ്റിയമ്പതോളം പേർ ചാരിറ്റി റണ്ണിൽ പങ്കെടുത്തു. ഇഎടി പ്രതിനിധി ഗഫൂർ കെ.കെ നന്ദിയും പറഞ്ഞു.



