കൊച്ചി: ലക്ഷദ്വീപ് ചൂരക്ക് ആഗോള ഇക്കോ-ലേബലിംഗ് നേടിയെടുക്കാൻ കേന്ദ്ര സർക്കാർ നീക്കം. നടപടി സീഫുഡ് കയറ്റുമതി രംഗത്ത് വലിയ മുതൽകൂട്ടാകുമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി രാജീവ് രഞ്ജൻ സിംഗ് വ്യക്തമാക്കി. പരമ്പരാഗത മത്സ്യബന്ധന രീതികൾ ഉപയോഗിച്ച് പിടിക്കുന്ന ലക്ഷ്യദ്വീപ് ചൂരക്ക് (ട്യൂണ) ആഗോള ഇക്കോലേബലിംഗ് ടാഗ് നേടിയെടുക്കാനാണ് നീക്കം. കുറഞ്ഞ പാരിസ്ഥിതിക ആഘാതവും സുസ്ഥിരവുമായ ലക്ഷദ്വീപിലെ പോൾ-ആന്റ്-ലൈൻ ഉപയോഗിച്ച് പിടിക്കുന്ന ചൂരക്ക് അന്താരാഷ്ട്ര രംഗത്തെ അംഗീകൃത സർട്ടിഫിക്കേഷൻ ലഭിക്കുന്നതിന് കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി പറഞ്ഞു. കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ, കേന്ദ്ര ഫിഷറീസ് സെക്രട്ടറി അഭിലക്ഷ് ലിഖി, ജോയിന്റ് സെക്രട്ടറി നീതു കുമാരി പ്രസാദ്, ലക്ഷദ്വീപ് ഫിഷറീസ് സെക്രട്ടറി രാജ് തിലക്, എൻഎഫ്ഡിബി എക്സിക്യുട്ടീവ് ഡയറക്ടർ ഡോ ബി കെ ബെഹറ, എഫ് എസ് ഐ ഡയറക്ടർ ജനറൽ ഡോ കെ ആർ ശ്രീനാഥ് സംസാരിച്ചു. കൊച്ചി ഫിഷറീസ് ഹാർബർ സന്ദർശിച്ച് കേന്ദ്ര ഫിഷറീസ് സെക്രട്ടറി മത്സ്യത്തൊഴിലാളികളുമായി ആശയവിനിമയം നടത്തി. ഹാർബർ നവീകരണം, കോൾഡ് ചെയിൻ, പാക്കേജിംഗ്, മൂല്യവർധിത ഉൽപാദനം തുടങ്ങിയ വികസന നടപടികൾ മത്സ്യത്തൊഴിലാളികളുടെ വരുമാനം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.



