കായംകുളം: നങ്ങ്യാർകുളങ്ങര കവല-തട്ടാരമ്പലം റോഡിൽ അപകടങ്ങൾ പെരുകുന്നു. തട്ടാരമ്പലം ജംഗ്ഷന് പടിഞ്ഞാറോട്ട് അപകടമേഖലയായ വില്ലേജ് ഓഫീസിൻ്റെ ഭാഗത്ത് റോഡിൻ്റെ വശങ്ങളിൽ ഓടയുടെ മുകളിലുള്ള അശാസ്ത്രീയമായ സ്ളാബിടലും തട്ടാരമ്പലം-നങ്ങ്യാർകുളങ്ങര കവല റോഡിൻ്റെ വശങ്ങളിൽ മണ്ണിടാത്തതു മൂലം റോഡിൻ്റെ വശങ്ങൾ ടാറിംഗിനെക്കാളും താഴ്ന്ന് നിൽക്കുന്നതും നിത്യേന ജീവഹാനി സംഭവിക്കുന്ന രീതിയിലുള്ളേ വാഹന അപകടങ്ങൾക്ക് കാരണമാകുന്നു.
ഈ വിഷയം നിരവധി തവണ മുഖ്യധാര മാധ്യമങ്ങൾ വാർത്തയാക്കി ജനശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. പക്ഷെ അതൊന്നും അധികൃതരുടെയും ബന്ധപ്പെട്ട ജനപ്രതിനിധികളുടേയും മാത്രം ശ്രദ്ധയിൽപ്പെട്ടില്ല. നിരവധിതവണ വാർത്തകൾ വന്നതിൻ്റെയും പരാതി നൽകിയതിൻ്റേയും അടിസ്ഥാനത്തിൽ ബാക്കി അപകടസാധ്യതയുള്ള മറ്റു വശങ്ങളിൽ കൂടി സ്ളാബ് ഇടാതെ വില്ലേജ് ഓഫീസിനു മുന്നിൽ മാത്രം സ്ളാബ് ഇട്ടു. അതും പല തട്ടിലാണ് ഇട്ടിരിക്കുന്നത്. അപകട സാധ്യത തീരെ ഇല്ലാത്ത ഭാഗത്ത് സ്ളാബ് ഇടുകയും അപകട സാധ്യത ഉള്ള ഭാഗത്തെ ഒഴിവാക്കുകയുമാണ് ചെയ്തിരിക്കുന്നത്.
റോഡ് ഉയരുകയും വശങ്ങൾ താഴ്ന്ന അവസ്ഥയിലുമാണ്. ടാറിംഗിന് ശേഷം വശങ്ങൾ മണ്ണിട്ടുയർത്തി ലെവൽ ചെയ്യേണ്ടതാണ്. പ്രഹസനമെന്ന രീതിയിൽ മാത്രം മണ്ണിടിൽ കർമ്മം നടത്തിയെന്ന് മാത്രം. ഇത് മൂലം മറ്റു വലിയ വണ്ടികൾക്ക് സൈഡ് കൊടുത്ത് വശങ്ങളിലേക്കിറങ്ങുന്ന ചെറിയ വാഹനങ്ങൾ തിരികെ റോഡിൽ കയറുന്നതിനായി ബുദ്ധിമുട്ട് ഉണ്ടാകുന്നു. സൈക്കിൾ യാത്രക്കാരും ഇരുചക്ര മുച്ചക്ര വാഹനക്കാർക്കുമാണ് ഏറ്റവും അധികം ബുദ്ധിമുട്ട് ഉണ്ടാകുന്നത്. വാഹനം റോഡിലേക്ക് തിരികെ കയറ്റാനുള്ള ശ്രമത്തിൽ അപകടങ്ങൾ ഉണ്ടാവുന്നത് സ്ഥിരം സംഭവമാണ്.
ഈ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കാൻ ബന്ധപ്പെട്ട അധികാരികളും ജനപ്രതിനിധികളും തയ്യാറാവണമെന്ന് നാട്ടുകാരുടെ ആവശ്യത്തിന് മാസങ്ങളോളം പഴക്കമുണ്ട്, നാട്ടുകാരുടെ ആവശ്യത്തിന് പുല്ലുവിലകൽപ്പിക്കാത്ത ഉദ്യോഗസ്ഥരാണ് കാരണമെന്ന് പറയപ്പെടുന്നു.