റെയിൽവേയിൽ വിവിധ തസ്തികകളിലേക്ക് CEN 05/2024 നമ്പർ കേന്ദ്രീകൃത വിജ്ഞാനപ്രകാരം റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകൾ (ആർ.ആർ.ബി) അപേക്ഷകൾ ക്ഷണിച്ചു.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.rrbchennai.gov.in, www.rrbthiruvananthapuram.gov.in മുതലായ വെബ്സൈറ്റുകളിലുണ്ട്. വിവിധ തസ്തികകളിലായി നിലവിൽ 8113 ഒഴിവുകളാണുള്ളത്. ബിരുദധാരികൾക്കാണ് അവസരം. ഓൺലൈനായി ഒക്ടോബർ 13 വരെ അപേക്ഷിക്കാം.
തസ്തികകളും ഒഴിവുകളും: ചീഫ് കമേഴ്ഷ്യൽ കം ടിക്കറ്റ് സൂപ്പർവൈസർ 1736, സ്റ്റേഷൻ മാസ്റ്റർ 994, ഗുഡ്സ് ട്രെയിൻ മാനേജർ 3144, ജൂനിയർ അക്കൗണ്ട് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ് 1507, സീനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ് 732 യോഗ്യത: അംഗീകൃത സർവകലാശാല ബിരുദം. പ്രായപരിധി 1.1.2025ൽ 18-36 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്. ഫൈനൽ ഡിഗ്രി പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം.
അപേക്ഷ/പരീക്ഷ ഫീസ് 500 രൂപ. വനിതകൾ/ഭിന്നശേഷി/ ട്രാൻസ്ജൻഡർ/ വിമുക്ത ഭടന്മാർ/ഇ.ഡബ്ല്യു.എസ്/ ന്യൂനപക്ഷ സമുദായത്തിൽപെടുന്നവർ/എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് 250 രൂപ മതി. അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്. എല്ലാ തസ്തികകൾക്കും കൂടി ഒറ്റ ഓൺലൈൻ അപേക്ഷ മതി. സെലക്ഷൻ: കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ടൈപ്പിങ് സ്കിൽ ടെസ്റ്റ്/കമ്പ്യൂട്ടർ അധിഷ്ഠിത അഭിരുചി പരീക്ഷ, വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ എല്ലാ തസ്തികകൾക്കും പൊതുവായിരിക്കും. പരീക്ഷ ഘടന, സിലബസ് അടക്കമുള്ള വിവരങ്ങളും അപ്ഡേറ്റുകളും വെബ്സൈറ്റിൽ ലഭിക്കും. ശമ്പളം: ചീഫ് കമേർഷ്യൽ കം ടിക്കറ്റ് സൂപ്പർവൈസർ, സ്റ്റേഷൻ മാസ്റ്റർ തസ്തികകൾക്ക് 35,400 രൂപയും മറ്റെല്ലാ തസ്തികകൾക്കും 28,200 രൂപയുമാണ് അടിസ്ഥാന ശമ്പളം. മറ്റു ആനുകൂല്യങ്ങളും ലഭിക്കും.