മോസ്കോ: റഷ്യയിലെ കസാനിൽ കെട്ടിടങ്ങൾക്ക് നേരെ എട്ടോളം ഡ്രോണുകൾ ആക്രമണം നടത്തി. ഉയരം കൂടിയ നിരവധി ബഹുനില കെട്ടിടങ്ങൾക്കുനേരെയാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ട്. കെട്ടിടങ്ങളിൽ നിന്ന് തീയും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഡ്രോൺ ആക്രമണത്തിന് പിന്നിൽ യുക്രെയ്നാണെന്ന് റഷ്യ ആരോപിച്ചു. അതേസമയം, ഒരു ഡ്രോൺ റഷ്യൻ വ്യോമപ്രതിരോധ സേന വെടിവെച്ചിട്ടതായി വാർത്താ ഏജൻസിയായ സ്ഫുട്നിക് റിപ്പോർട്ട് ചെയ്തു. കസാൻ അധികൃതർ ആക്രമിക്കപ്പെട്ട കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ആക്രമണത്തെ തുടർന്ന് കസാൻ വിമാനത്താവളങ്ങളും താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. മോസ്കോയിൽ നിന്നും 800 കിലോമീറ്റർ അകലെയാണ് കസാൻ.