Thursday, December 25, 2025
No menu items!
Homeവാർത്തകൾരാഷ്ട്രീയത്തിലെ കുടുംബാധിപത്യത്തിനെതിരെ ശശി തരൂര്‍.

രാഷ്ട്രീയത്തിലെ കുടുംബാധിപത്യത്തിനെതിരെ ശശി തരൂര്‍.

കൊച്ചി: രാഷ്ട്രീയത്തിലെ കുടുംബാധിപത്യത്തിന്റെ പേരില്‍ നെഹ്‌റു കുടുംബത്തെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുതിര്‍ന്ന നേതാവുമായ ശശി തരൂര്‍. ‘കുടുംബവാഴ്ച ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭീഷണി’ എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലാണ് തരൂരിന്റെ വിമര്‍ശനം. കുടുംബവാഴ്ചയ്ക്ക് പകരം കഴിവിനെ അംഗീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവരുള്‍പ്പെടുന്ന നെഹ്റു-ഗാന്ധി കുടുംബത്തിന്റെ സ്വാധീനം രാഷ്ട്രീയ നേതൃത്വം ഒരു ജന്മാവകാശം ആണെന്ന ധാരണയ്ക്ക് ഇത് അടിത്തറയിടുന്നതാണെന്നുമാണ് തരൂരിന്റെ വിമര്‍ശനം. മംഗളം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് തരൂര്‍ നിലപാട് വ്യക്തമാക്കുന്നത്.
ശിവസേന, സമാജ്വാദി പാര്‍ട്ടി, ബിഹാറില്‍ ലോക് ജനശക്തി പാര്‍ട്ടി, ശിരോമണി അകാലി ദള്‍, കശ്മീരിലെ പിഡിപി, ഡിഎംകെ എന്നീ പാര്‍ട്ടികളെയും കുടുംബവാഴ്ചയുടെ പേരില്‍ തരൂര്‍ വിമര്‍ശിക്കുന്നുണ്ട്. തെലങ്കാനയില്‍ ഭാരത് രാഷ്ട്ര സമിതിയുടെ സ്ഥാപകന്‍ കെ. ചന്ദ്രശേഖര റാവുവിന്റെ മകനും മകളും തമ്മില്‍ പിന്തുടര്‍ച്ചാവകാശ പോരാട്ടം നടക്കുകയാണെന്നും തരൂര്‍ ചൂണ്ടിക്കാട്ടുന്നു. നേതാക്കളെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്ന രീതി വരണം. ഇതിനായി വോട്ടര്‍മാര്‍ക്ക് വിദ്യാഭ്യാസം നല്‍കാനും ശാക്തീകരിക്കാനുമുള്ള കൂട്ടായ പരിശ്രമം ആവശ്യമാണ്. ഇന്ത്യന്‍ രാഷ്ട്രീയം ഒരു കുടുംബ സംരംഭമായി തുടരുന്നിടത്തോളം കാലം, ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ വാഗ്ദാനമായ ‘ജനങ്ങളാല്‍, ജനങ്ങള്‍ക്ക് വേണ്ടി, ജനങ്ങളുടെ ഭരണം’ പൂര്‍ണമായി യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയില്ലെന്ന മുന്നറിയിപ്പും തരൂര്‍ നല്‍കുന്നു.
കുടുംബാധിപത്യങ്ങള്‍ അവസാനിപ്പിക്കാന്‍ നിയമപരമായി നിര്‍ബന്ധിതമായ കാലാവധി ഏര്‍പ്പെടുത്തുന്നത് മുതല്‍ അര്‍ത്ഥവത്തായ ആഭ്യന്തര പാര്‍ട്ടി തെരഞ്ഞെടുപ്പുകള്‍ നിര്‍ബന്ധമാക്കുന്നത് വരെയുള്ള അടിസ്ഥാനപരമായ പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്നും തരൂര്‍ ചൂണ്ടിക്കാട്ടുന്നു. കുടുംബവാഴ്ചാ രാഷ്ട്രീയം ഇന്ത്യന്‍ ജനാധിപത്യത്തിന് ഗുരുതരമായ ഭീഷണിയാണ് ഉയര്‍ത്തുന്നത്. കഴിവ്, പ്രതിബദ്ധത, അല്ലെങ്കില്‍ താഴെത്തട്ടിലുള്ള ഇടപെടല്‍ എന്നിവയേക്കാള്‍ പാരമ്പര്യത്തിനു പ്രാധാന്യം ലഭിക്കുമ്പോള്‍, ഭരണത്തിന്റെയും നേതൃത്വത്തിന്റെയും ഗുണനിലവാരം കുറയ്ക്കുന്നു.

കോണ്‍ഗ്രസുമായി കടുത്ത ഭിന്നത പരസ്യമാക്കുന്ന പ്രതികരണങ്ങള്‍ നടത്തിയിരുന്ന തരൂര്‍ ചെറിയ ഒരിടവേളയ്ക്ക് ശേഷമാണ് വീണ്ടും നെഹ്‌റു കുടുംബത്തിന് എതിരെ രംഗത്തെത്തിയിരിക്കുന്നത്. ബിജെപി തുടര്‍ച്ചയായി കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന വിഷയമാണ് നെഹ്‌റു കുടുംബത്തിന്റെ പാര്‍ട്ടിയിലുള്ള സ്വാധീനം. സമാനമായ ആക്ഷേപമാണ് തരൂരും ഇത്തവണ ഉയര്‍ത്തിയിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments