ന്യൂഡൽഹി: രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിനും അശോക് ഹാളിനും പുതിയ പേര് പ്രഖ്യാപിച്ച് രാഷ്ട്രപതി ദ്രൗപദി. ദർബാർ ഹാൾ ഇനിമുതൽ ഗണതന്ത്ര മണ്ഡപം എന്നും അശോക് ഹാൾ അശോക് മണ്ഡപം എന്നും അറിയപ്പെടും. ദേശീയ പുരസ്കാരങ്ങളടക്കം സമ്മാനിക്കുന്നത് രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിൽവച്ചാണ്. അശോക് ഹാളിലായിരുന്നു പ്രത്യേക ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നത്.
ഇന്ത്യൻ സംസ്കാരവും മൂല്യവും പ്രതിഫലിക്കുന്ന അന്തരീക്ഷം ഒരുക്കാനുള്ള നിരന്തരശ്രമത്തിന്റെ ഭാഗമായാണ് പേരുമാറ്റമെന്ന് രാഷ്ട്രപതി ഭവൻ പ്രസ്താവനയിൽ അറിയിച്ചു. ബ്രിട്ടീഷുകാരുടെയും മറ്റ് ഇന്ത്യൻ ഭരണാധികാരികളുടെയും കാലത്തുള്ള കോടതികളെയും സഭകളെയും ഓർമിപ്പിക്കുന്ന വാക്കാണ് ദർബാർ എന്നും പുതിയ ഇന്ത്യയിൽ അതിന് പ്രസക്തി നഷ്ടമായെന്നും രാഷ്ട്രപതി ഭവന്റെ പ്രസ്താവനയിൽ പറയുന്നു.
ഗണതന്ത്രം എന്ന ആശയം പുരാതനകാലം മുതൽ ഇന്ത്യൻ സമൂഹത്തിൽ ആഴത്തിൽ വേരുപിടിച്ചതാണ്. അതിനാൽതന്നെ ഗണതന്ത്ര മണ്ഡപം എന്നത് ദർബാർ ഹാളിന് ഏറ്റവും യോജിച്ച പേരാണ്.അശോക ഹാളിനെ അശോക മണ്ഡപം എന്ന് പുനർനാമകരണം ചെയ്യുന്നതു ഭാഷാപരമായ ഐക്യം കൊണ്ടുവരുമെന്നും പ്രസ്താവനയിലുണ്ട്. ഐക്യത്തിന്റെയും സമാധാനപരമായ സഹവർത്തിത്വത്തിന്റെയും പ്രതീകമായ” അശോക് ചക്രവർത്തിയെയും ഈ പദം പരാമർശിക്കുന്നുവെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.



