ഡല്‍ഹി: ഇന്ത്യയിലെ 440 ജില്ലകളിലെ ഭൂഗര്‍ഭജലത്തില്‍ നൈട്രേറ്റിന്റെ അളവ് കൂടുതലാണെന്ന് കണ്ടെത്തല്‍. 20 ശതമാനം സാമ്പിളുകളിലും അനുവദനീയമായ അളവില്‍ കൂടുതലാണ് സിജിഡബ്ല്യുബി റിപ്പോര്‍ട്ടില്‍ പറയുന്നു. നൈട്രേറ്റ് കൂടുന്നത് പാരിസ്ഥിതിക ആരോഗ്യ പ്രശ്നത്തിന് കാരണമാകുന്നു. പ്രത്യേകിച്ച് നൈട്രജന്‍ അധിഷ്ഠിത രാസവളങ്ങള്‍ ഉപയോഗിക്കുന്ന കാര്‍ഷിക മേഖലകളില്‍. വാര്‍ഷിക ഭൂഗര്‍ഭ ജല ഗുണനിലവാര റിപ്പോര്‍ട്ട് പ്രകാരം 9.04 ശതമാനം സാമ്പിളുകളിലും സുരക്ഷിതമായ പരിധിക്ക് മുകളില്‍ ഫ്ലൂറൈഡിന്റെ അളവ് ഉണ്ടെന്നും 3.55 ശതമാനം ആര്‍സെനിക് സാന്നിധ്യമുണ്ടെന്നും പറയുന്നു.
2023 മെയ് മാസത്തില്‍ ഭൂഗര്‍ഭജലത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി രാജ്യവ്യാപകമായി 15,259 നിരീക്ഷണ സ്ഥലങ്ങള്‍ തെരഞ്ഞെടുത്തു. ഇതില്‍ 25 ശതമാനം കിണറുകളും വിശദമായി പഠിച്ചു. കുടിവെള്ളത്തിനായി ലോകാരോഗ്യ സംഘടനയും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സും നിശ്ചയിച്ചിട്ടുള്ള ലിറ്ററിന് 45 മില്ലിഗ്രാം എന്ന നൈട്രേറ്റ് പരിധി 20 ശതമാനം ജലസാമ്പിളുകളിലും കവിഞ്ഞതായി കണ്ടെത്തി.
രാജസ്ഥാന്, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ 40 ശതമാനത്തിലധികം സാമ്പിളുകളിലും നൈട്രേറ്റ് അംശം കൂടുതലായിരുന്നു. മഹാരാഷ്ട്ര 35.74 ശതമാനം, തെലങ്കാന 27.48 ശതമാനം, ആന്ധ്രാപ്രദേശ് 23.5 ശതമാനം, മധ്യപ്രദേശ് 22.58 എന്നിങ്ങനെയായിരുന്നു കണക്ക്. എന്നാല്‍ കേരളം, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നിവിടങ്ങളില്‍ കുറഞ്ഞ ശതമാനം രേഖപ്പെടുത്തി. അരുണാചല്‍ പ്രദേശ്, അസം, ഗോവ, മേഘാലയ, മിസോറാം, നാഗാലാന്‍ഡ് എന്നിവിടങ്ങളിലും എല്ലാ സാമ്പിളുകളും സുരക്ഷിതമായ പരിധിയിലാണ്. ഉയര്‍ന്ന നൈട്രേറ്റിന്റെ അളവ് ശിശുക്കളില്‍ ബ്ലൂ ബേബി സിന്‍ഡ്രോം പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഭൂഗര്‍ഭ ജലത്തിലെ ഉയര്‍ന്ന നൈട്രേറ്റിന്റെ അളവ് അമിതമായ ജലസേചനത്തിന്റെ ഫലമാകാമെന്നാണ് കണ്ടെത്തല്‍. അമിത ജലസേചനം രാസവളങ്ങളില്‍ നിന്നുള്ള നൈട്രേറ്റുകളെ മണ്ണിലേക്ക് ആഴത്തില്‍ തള്ളിവിടും.