രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ പവർ ട്രക്ക് ഫ്ലാഗ് ഓഫ് ചെയ്ത് അദാനി ഗ്രൂപ്പ്. പെട്രോളിനും ഡീസലിനും മേലുള്ള ആശ്രിതത്വം കുറയ്ക്കുന്നതിനായി, ഖനന ലോജിസ്റ്റിക്സിനായിട്ടാണ് അദാനി ഗ്രൂപ്പ് ഈ ട്രക്ക് ഉപയോഗിക്കുക. ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രക്ക് ഛത്തീസ്ഗഡിൽ ആണ് പുറത്തിറക്കിയത്. ഈ ട്രാക്കിന് 40 ടൺ വരെ സാധനങ്ങൾ വഹിക്കാൻ ശേഷിയുണ്ട്. ഗാരെ പാൽമ ബ്ലോക്കിൽ നിന്ന് സംസ്ഥാനത്തെ വൈദ്യുത നിലയത്തിലേക്ക് കൽക്കരി കൊണ്ടുപോകാൻ ഈ ട്രക്ക് ഉപയോഗിക്കും എന്നാണ് റിപ്പോർട്ടുകൾ. കമ്പനിയുടെ ലോജിസ്റ്റിക് പ്രവർത്തനങ്ങളിൽ നിലവിലുള്ള ഡീസൽ ട്രക്കുകൾക്ക് പകരമായി ഈ ഹൈഡ്രജൻ ട്രക്കുകൾ ക്രമേണ ഉപയോഗിക്കുമെന്നും വരും കാലങ്ങളിൽ അവയുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി. ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ട്രക്കിന് ഒറ്റയടിക്ക് 200 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കഴിയുമെന്ന് കമ്പനി പറയുന്നു. മൂന്ന് ഹൈഡ്രജൻ ടാങ്കുകൾ ഈ ട്രക്കിൽ സജ്ജീകരിച്ചിരിക്കുന്നു. ഇത് ലോഡ് കപ്പാസിറ്റിയുടെയും റേഞ്ചിന്റെയും കാര്യത്തിൽ ഡീസൽ പവർ ഹെവി വാഹനങ്ങളുമായി മത്സരിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ഈ ഹൈഡ്രജൻ ട്രക്ക് വലിയ അളവിൽ കാർബൺ പുറന്തള്ളൽ കുറയ്ക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.