രാജാക്കാട്: രാജാക്കാട് ടൗണിലെ ചെളിക്കുഴി അടക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് രാജാക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. റോഡിൽ വാഴ നട്ടുകൊണ്ടാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം അറിയിച്ചത്.
കഴിഞ്ഞ കുറെ മാസങ്ങളായി രാജാക്കാട് ടൗണിന്റെ മധ്യഭാഗത്തായി ടാറിളകിപ്പോയി കുഴി രൂപപ്പെട്ട അവസ്ഥയിലാണ്. രാജാക്കാട് മുതൽ പൂപ്പാറ വരെ ബിഎംബിസി നിലവാരത്തിൽ നിർമ്മിച്ചിരിക്കുന്ന റോഡിൽ രൂപപ്പെട്ട കുഴി അടയ്ക്കുവാൻ പൊതുമരാമത്ത് വകുപ്പ് യാതൊരുവിധ നടപടികളും നാളിതുവരെ കൈകൊണ്ടിട്ടുമില്ല. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ ദിവസങ്ങളിൽ രാജാക്കാട്ടിൽ ശക്തമായ മഴ പെയ്തതോടെ ടൗണിലെ കുഴിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ബൈക്ക് ഉൾപ്പെടെയുള്ള ഇരുചക്രവാഹരങ്ങൾക്ക് റോഡിലെ കുഴി വലിയ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്. ഇതിനുപുറമേ വാഹനങ്ങൾ പോകുമ്പോൾ കാൽനട യാത്രക്കാരുടെ ദേഹത്തേക്ക് ചെളിവെള്ളം തെറിക്കുന്ന അവസ്ഥയിലാണ്. ടൗണിലെ കുഴി എത്രയും വേഗം അടച്ച ഗതാഗതം സുഗമമാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് രാജാക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. റോഡിലെ കുഴിയിൽ വാഴ നട്ടുകൊണ്ടാണ് പ്രതിഷേധിച്ചത്.
തങ്കച്ചൻ പുളിക്കൽ ,സി ജി നന്ദകുമാർ, ശശി, അനീഷ് പുത്തൻപുരക്കൽ, അലിയാർ,പാപ്പച്ചൻ ഒട്ടലാങ്കൽ, കുര്യൻ, വിശാഖ് , ബേസിൽ മൂലംകുഴി, ഡയോൺ പുൽ പറമ്പിൽ, റോബിൻ ചാക്കോ എന്നിവർ നേതൃത്വം നൽകി.



